കോട്ടയം
ട്രാൻസ്ജെൻഡർ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന സംസ്കാരം കേരളത്തിലുണ്ടെന്ന് രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ പുരോഹിത റവ. എസ്തർ ഭാരതി. കോട്ടയത്ത് സിഎസ്ഐ സഭ മധ്യകേരള മഹാഇടവക സ്ത്രീജനസഖ്യം 75–-ാം വാർഷിക പരിപാടിക്കെത്തിയ അവർ ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു. കേരളീയ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ പുരോഗമനപരമാണ്.
ഇവിടെ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നില്ല. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും അർഹമായ പരിഗണനയും കരുതലും കിട്ടുന്നു. പുരോഗമന യുവജനസംഘടനകൾ അവരെ അംഗത്വം നൽകിയും ഭാരവാഹികളാക്കിയും നേതൃരംഗത്ത് കൊണ്ടുവരുന്നു. ശസ്ത്രക്രിയക്ക് സഹായം, സൗജന്യ വിദ്യാഭ്യാസം, കൊച്ചി മെട്രോയിൽ ജോലി തുടങ്ങിയവ നൽകുന്നതിനോട് സംസ്ഥാന സർക്കാരിനോട് നന്ദിയുണ്ട്.
സർക്കാർ ജോലിക്ക് ട്രാൻസ്ജെൻഡർമാർക്ക് സംവരണം നൽകണം. അതുകൂടി ലഭിച്ചാൽ അവരുടെ ജീവിതം കുറച്ചുകൂടി മെച്ചപ്പെടും. ആരാധനാലയങ്ങൾ ആക്രമിക്കുന്നത് സങ്കടകരമാണെന്നും മണിപ്പൂരിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ അവർ പറഞ്ഞു. 25 വർഷമായി ട്രാൻസ്ജെൻഡറുകൾക്കിടയിൽ പ്രവർത്തിക്കുന്ന എസ്തർ ഭാരതി 2012ലാണ് ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ പാസ്റ്റർ ആയത്. ചെന്നൈയിലെ സുനാമി സെറ്റിൽമെന്റിൽ ഒറ്റമുറി വീട്ടിലാണ് താമസം.