കൊച്ചി
യുദ്ധ–-ദുരന്ത മുഖങ്ങളിൽ അതുല്യമായ മികവോടെ രാജ്യത്തിന്റെ യശസ്സുയർത്തിയ ഐഎൻഎസ് മഗർ കപ്പൽ ഇനി ഓർമകളെ ത്രസിപ്പിക്കും.
മുപ്പത്താറ് വർഷത്തെ അഭിമാനാർഹമായ സേവനത്തിനുശേഷമാണ് വീരോചിത വിടവാങ്ങൽ. കൊച്ചി നാവിക ആസ്ഥാനത്ത് പ്രൗഢഗംഭീരമായിരുന്നു ഡീകമീഷൻ ചടങ്ങുകൾ.
ചടങ്ങിന് സാക്ഷ്യം വഹിക്കാൻ മഗറിൽ സേവമനുഷ്ഠിച്ചിരുന്ന മുൻ കമാൻഡിങ് ഓഫീസർമാരും സേനാംഗങ്ങളുമെത്തി. മഗറിന്റെ തുടക്കവും ദൗത്യങ്ങളും വ്യക്തമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ചപ്പോൾ സേനാംഗങ്ങൾ കൈയടിച്ചു. മഗറിന്റെ കമാൻഡിങ് ഓഫീസർ ഹേമന്ദ് വി സലുൻഖേ കപ്പലിലെ ദേശീയപതാക, നാവികപതാക, പെന്നന്റ് (നീളമേറിയ സേനാപതാക) എന്നിവ താഴ്ത്തി ഡീകമീഷനിങ് പൂർത്തിയാക്കി. വൈസ് അഡ്മിറൽ എം എ ഹംപിഹോളി മുഖ്യാതിഥിയായി. എയർ മാർഷൽ ബി മണികണ്ഠൻ സംസാരിച്ചു. കപ്പലിന്റെ ചരിത്രത്തിലെ നിർണായക ദൗത്യങ്ങളും സേവനങ്ങളും അടയാളപ്പെടുത്തിയ പുസ്തകം വൈസ് അഡ്മിറൽ എം എ ഹംപിഹോളി, എയർ മാർഷൽ ബി മണികണ്ഠൻ, കമാൻഡർ ഹേമന്ദ് വി സലുൻഖേ എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ മഞ്ജുപിള്ള തപാൽ കവർ പ്രകാശിപ്പിച്ചു.
ഐഎൻഎസ് മഗർ 1987 ജൂലൈ പതിനെട്ടിനാണ് കമീഷൻ ചെയ്തത്. 120 മീറ്റർ നീളവും 18 മീറ്റർ വീതിയും മണിക്കൂറിൽ 28 കി.മീ വേഗവുമുണ്ട്. ബൊഫോഴ്സ് തോക്കുകളും റോക്കറ്റ് ലോഞ്ചറും അടക്കമുള്ള ആയുധ സംവിധാനങ്ങളും 15 ടാങ്കുകൾ, 13 ഇൻഫൻട്രി ഫൈറ്റിങ് വാഹനങ്ങൾ, 10 ട്രക്കുകൾ, എട്ട് ഹെവി മോട്ടോർ വാഹനങ്ങൾ വഹിക്കാനും ഇരുനൂറിലധികം സൈനികരെ എത്തിക്കാനും ശേഷിയുമുണ്ട്. പവൻ, സേതുസാഗർ ഉൾപ്പെടെയുള്ള ദൗത്യങ്ങളിൽ പങ്കാളിയായി. പവൻ ദൗത്യത്തിൽ ശ്രീലങ്കയിൽ സൈനികരെയും ടാങ്കുകളും എത്തിച്ചത് മഗറായിരുന്നു. കോവിഡ് കാലത്ത് ലോകത്ത് വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യമായിരുന്നു സമുദ്രസേതു. സുനാമി ദുരന്തവേളയിലും സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിലും മഗർ രക്ഷാദൗത്യത്തിലുണ്ടായി.