ഷൊർണൂർ> എലത്തൂർ ട്രെയിൻ തീവയ്പ്ക്കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ എൻഐഎ ഷൊർണൂരിൽ തെളിവെടുപ്പിനെത്തിച്ചു. ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷാറൂഖ് സെയ്ഫി ട്രെയിനിറങ്ങി വിശ്രമിച്ച നാലാം നമ്പർ പ്ലാറ്റ്ഫോമിലാണ് ആദ്യം എത്തിച്ചത്.
സ്റ്റേഷനിൽനിന്നും പുറത്തേക്കിറങ്ങിവന്ന വഴിയിലൂടെ നടന്നും തെളിവെടുത്തു. വിവര ശേഖരണത്തിനുശേഷം രണ്ടും മൂന്നും പ്ലാറ്റ്ഫോമിന് നടുവിലുളള ആർപിഎഫ് ഓഫീസിൽ അഞ്ച് മണിക്കൂർ ചെലവഴിച്ച് വിശദ റിപ്പോർട്ട് തയ്യാറാക്കിയശേഷമാണ് സംഘം മടങ്ങിയത്. എൻഐഎയുടെ കസ്റ്റഡിയിൽ കിട്ടിയശേഷമുള്ള ആദ്യ തെളിവെടുപ്പാണ് ഷൊർണൂരിലേത്. വൻ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.
ഡിവൈഎസ്പി മാത്യു രാജ് കല്ലിക്കാടൻ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഏപ്രിൽ രണ്ടിന് രാത്രിയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലെ ഡി ഒന്ന്, ഡി രണ്ട് കോച്ചുകളിൽ പെട്രോൾ ഒഴിച്ച് തീയിട്ടത്. കുട്ടിയടക്കം മൂന്നുപേർ റെയിൽവേ ട്രാക്കിൽ വീണ് മരിച്ചു. എട്ടുപേർക്ക് പൊള്ളലേറ്റു. മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്നാണ് ഷാറൂഖ് സെയ്ഫിയെ പിടികൂടിയത്.