നേപ്പിൾസ്
നേപ്പിൾസ് നഗരം ദ്യേഗോ മാറഡോണയെ ഓർക്കുകയായിരുന്നു. അവരുടെ ഹൃദയത്തിലെ സ്വപ്നത്തിന് നിറംപകർന്ന മാന്ത്രികനെ. മൂന്നുപതിറ്റാണ്ടുകൾക്കിപ്പുറം ഒരിക്കൽക്കൂടി നാപോളി ഇറ്റാലിയൻ ഫുട്ബോൾ ചാമ്പ്യൻമാരായി മാറിയപ്പോൾ ആ ജനത മാറഡോണയെ വീണ്ടുമറിഞ്ഞു. ഇറ്റാലിയൻ ഫോട്ടോജേർണലിസ്റ്റ് സെർജിയോ സിയാനോ ഒരുതവണ പറഞ്ഞു–- ‘ദ്യേഗോ മാറഡോണയുടെ ജീവിതത്തിൽ ഒരുപാട് കാമുകിമാരുണ്ടായിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന് ഒരു നഗരത്തിനോടുമാത്രമായിരുന്നു പ്രണയം. അത് ജന്മനാടായ ബ്യൂണസ് അയേഴ്സിനോടായിരുന്നില്ല. നേപ്പിൾസിനോടായിരുന്നു. അത്രമാത്രം ഈ നഗരത്തെ സ്നേഹിച്ചു. കാൽപ്പന്തുകൊണ്ട് ഒരു ജനതയ്ക്ക് ആനന്ദം നൽകി’.
മിലാനും റോമും പണക്കൊഴുപ്പിലും വികസനത്തിലും കുതിച്ചുപാഞ്ഞപ്പോൾ നേപ്പിൾസ് നിശ്ചലമായിരുന്നു. ഇറ്റലിയിലെ മൂന്നാമത്തെ വലിയ നഗരമാണിത്. മോഷണവും അഴിമതിയും പതിവുകഥയായി. ക്രിമിനലുകൾ നഗരം വാണു. ഒരു നേരത്തെ അന്നത്തിനായി രാവോളം പണിയെടുക്കുന്ന ജനത. ഫുട്ബോൾമാത്രമായിരുന്നു അവർക്ക് ആനന്ദം. ആഴ്ചാവസാനങ്ങളിൽ സാൻ പൗലോ സ്റ്റേഡിയത്തിൽ നാപോളിയുടെ കളി കാണാൻ അവർ ഒഴുകിയെത്തും. എന്നാൽ, യുവന്റസും മിലാൻ ടീമുകളും വാണ ലീഗിൽ ഒരു കിരീടം എന്നും കിട്ടാക്കനിയായിരുന്നു. അങ്ങനെയൊരു കാലത്തായിരുന്നു മാറഡോണ അവതരിച്ചത്. അവർ ആ കളിക്കാരനെ ‘ഡിയോസ്’ എന്ന് വിളിച്ചു. സ്പാനിഷിൽ ദൈവമെന്ന് അർഥം. നിരാശയിലാണ്ട ജനതയ്ക്ക് ആ മാന്ത്രികക്കാലുകൾ ജീവൻ നൽകി.
ബാഴ്സലോണയിൽനിന്ന് കലഹിച്ചാണ് മാറഡോണ നാപോളിയിൽ എത്തിയത്. ഇറ്റലിയിൽ ഒന്നുമല്ലാത്ത ഒരു ക്ലബ്ബിൽ അർജന്റീനക്കാരൻ ചേക്കേറിയതിൽ എല്ലാവരും ആശ്ചര്യപ്പെട്ടു. 1984 ജൂലൈ അഞ്ചിനായിരുന്നു മാറഡോണയുടെ പ്രവേശം. ‘ഇവിടത്തെ ദരിദ്രകുടുംബത്തിലെ കുട്ടികൾക്ക് ഞാൻ മാതൃകയാകുമെന്ന് ആദ്യമേ പറയട്ടെ. ബ്യൂണസ് അയേഴ്സിലെ എന്റെ ചെറുപ്പകാലമാണ് അവരെ കാണുമ്പോൾ എനിക്കോർമ വരുന്നത്. അസാധ്യമാണെന്ന് കരുതുന്നതെല്ലാം നേടി നമ്മൾ ഈ നഗരത്തിൽ സന്തോഷം നിറയ്ക്കും’–- സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 70,000 ആരാധകരോടായി മാറഡോണ പ്രഖ്യാപിച്ചു. പറഞ്ഞ വാക്ക് പാലിച്ചു. 1987ലും 1990ലും നാപോളിയെ ഇറ്റാലിയൻ ലീഗ് ചാമ്പ്യൻമാരാക്കി. ഏഴ് സീസണുകളിലായി 188 കളിയിൽ 81 ഗോളടിച്ചു. മരണത്തിലേക്കാണ്ട ഒരു നഗരത്തിന് മാറഡോണ ജീവൻ നൽകുകയായിരുന്നു.
മാറഡോണ നാപോളി വിട്ടിട്ടും ആ നഗരം അദ്ദേഹത്തെ മറന്നില്ല. നേപ്പിൾസിൽ ഇന്നും കഫെറ്റീരിയകളിലും ചുമരുകളിലും മാറഡോണയുടെ ചിത്രങ്ങൾ നിറഞ്ഞുനിൽക്കുന്നു. ക്യാപ്റ്റൻ അണിഞ്ഞ 10–-ാംനമ്പർ കുപ്പായം എന്നന്നേക്കുമായി പിൻവലിച്ചു. 20 വർഷമായി 10–-ാംനമ്പർ ജഴ്സിയില്ല. മരണശേഷം സ്റ്റേഡിയത്തിന് നാപോളി മാറഡോണയുടെ പേരും നൽകി.
മാറഡോണ നാപോളി വിട്ടശേഷം ക്ലബ് വീണ്ടും പ്രതിസന്ധിയിലായി. സാമ്പത്തികമായി തകർന്നു. പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. പ്രൊഫഷണൽ ഡിവിഷനിലെ ഏറ്റവും അവസാനഘട്ടമായ സീരി സിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. 2004ൽ സിനിമാ നിർമാതാവ് ഒറേലിയോ ഡി ലോറെന്റിസ് ക്ലബ് ഏറ്റെടുത്തത് നിർണായകമായി. വീണ്ടും ജയങ്ങളെത്തി. അപ്പോഴും മറ്റൊരു കിരീടം അവർക്ക് അന്യമായിരുന്നു. ഒടുവിൽ ആ സ്വപ്നവും പൂർത്തിയായിരിക്കുന്നു. ഈ കിരീടം അവർ മാറഡോണയ്ക്ക് സമർപ്പിക്കുന്നു.