തിരുവനന്തപുരം
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2012ൽ ഗതാഗത നിയമലംഘനം കണ്ടെത്താൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള കേരളാ പൊലീസിന്റെ പദ്ധതിയിലും കെൽട്രോൺ ഉപകരാർ നൽകി. മീഡിയട്രോണിക്സ്, ആർപി ടെക് സോഫ്റ്റ് ഇന്റർനാഷണൽ എന്നീ സ്വകാര്യ സ്ഥാപനങ്ങൾക്കാണ് നൽകിയത്. കാമറ ഒന്നിന് ചെലവഴിച്ചത് 20.30 ലക്ഷം രൂപ.
യുഡിഎഫ് കാലത്ത് നിരീക്ഷണ കാമറ സ്ഥാപിക്കാൻ കെൽട്രോൺ ഉപകരാർ നൽകിയതിന്റെ രേഖ
സേഫ് കേരള പദ്ധതിയെ വിമർശിക്കാൻ യുഡിഎഫ് നേതാക്കൾ ഉന്നയിക്കുന്ന അതേ മാനദണ്ഡങ്ങളോടെയാണ് അന്ന് യുഡിഎഫ് സർക്കാരും പദ്ധതി നടപ്പാക്കിയത്. 40.31 കോടി ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയിൽ സ്ഥാപിച്ചത് 100 കാമറ മാത്രം. വാഹനങ്ങളുടെ വേഗം കണ്ടുപിടിക്കാൻമാത്രം സൗകര്യമുള്ളവയാണിവ. മൂന്നു വർഷം മാത്രം വാറന്റിയുള്ള കാമറയ്ക്കാണ് 20 ലക്ഷത്തിലധികം രൂപ ചെലവിട്ടത്. ബൂട്ട് (ബിൽഡ് ഓൺ ഓപ്പറേറ്റ് ട്രാൻസ്ഫർ) അടിസ്ഥാനത്തിൽ തന്നെയായിരുന്നു അന്നത്തെയും കരാർ. 12 മാസത്തിനുള്ളിൽ തുക കൈമാറണമെന്നായിരുന്നു വ്യവസ്ഥ.
സേഫ് കേരള പദ്ധതിയിൽ നിർമിത ബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന 726 കാമറയാണ് സ്ഥാപിച്ചത്. ഇതിന് അഞ്ചു വർഷത്തെ പരിപാലനച്ചെലവ് ഉൾപ്പെടെയാണ് 232 കോടി രൂപ നിശ്ചയിച്ചത്. തുക നൽകുന്നതാകട്ടെ അഞ്ചുവർഷംകൊണ്ട് 20 ഗഡുക്കളായും.