ലണ്ടൻ
ബ്രിട്ടനിലെ രാജാവായി ചാൾസ് മൂന്നാമന്റെ കിരീടധാരണം ശനിയാഴ്ച. ആംഗ്ലിക്കൻ സഭയുടെ ആസ്ഥാനമായ വെസ്റ്റ് മിനിസ്റ്റർ ആബിയിൽ പകൽ 11മുതലാണ് (ഇന്ത്യൻ സമയം പകൽ 3.30) ലോകനേതാക്കളടക്കം 2800 പേരെ സാക്ഷിയാക്കിയാണ് ചടങ്ങുകൾ. കാന്റർബറി ആർച്ച്ബിഷപ്പാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. ഇന്ത്യയിൽനിന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പങ്കെടുക്കും. ചാൾസിന്റെ ഭാര്യ കാമില്ലയുമായി അടുപ്പം പുലർത്തുന്ന മലയാളികളായ ഡോക്ടർ ദമ്പതികൾ ഡോ. ഐസക് മത്തായി നൂറനാൽ, ഡോ. സുജ, ഇന്ത്യൻ വംശജയും ബ്രിട്ടീഷ് എംപയർ മെഡൽ ജേതാവുമായ ഷെഫ് മഞ്ജു മൽഹി തുടങ്ങിയവരും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.
രാവിലെ ബക്കിങ്ഹാം കൊട്ടാരത്തിൽനിന്നുള്ള ഘോഷയാത്രയ്ക്ക് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും നേതൃത്വം നൽകും. നിയമത്തെയും ആംഗ്ലിക്കൻ ചർച്ചിനെയും ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയാണ് ചാൾസ് ചൊല്ലുക. ചടങ്ങുകൾക്കുശേഷം ബക്കിങ്ഹാം കൊട്ടാരത്തിൽ ഉദ്യാനവിരുന്നുമുണ്ടാകും.
രാജ്ഞിയായിരുന്ന എലിസബത്ത് 2022 സെപ്തംബറിൽ മരിച്ചതോടെയാണ് മകൻ ചാൾസിന് രാജ പദവി ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ രാജ്യത്ത് 1022 കോടി രൂപ ചെലവിട്ട് ചടങ്ങ് നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. രാജഭരണം അവസാനിപ്പിക്കണമെന്നും രാജ്യത്ത് നടക്കുന്ന അവസാന കിരീടധാരണമായിരിക്കണം ചാൾസിന്റേതെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. ശനിയാഴ്ച ഘോഷയാത്ര കടന്നുപോകവെ ചാൾസ് ഒന്നാമൻ രാജാവിന്റെ പ്രതിമയ്ക്ക് മുന്നിൽ ഒത്തുകൂടി ‘നോട്ട് മൈ കിങ് (എന്റെ രാജാവല്ല) എന്ന് മുദ്രാവാക്യം ഉയർത്തുമെന്ന് റിപ്പബ്ലിക്കന്മാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വംശഹത്യക്ക് മാപ്പുപറയണം ; ചാൾസിനോട് ഗോത്രനേതാക്കൾ
കോളനിവൽക്കരണത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്രിട്ടീഷ് സാമ്രാജ്യം നടത്തിയ വംശഹത്യകൾക്ക് മാപ്പുപറയണമെന്ന് ചാൾസ് മൂന്നാമനോട് ആവശ്യപ്പെട്ട് തദ്ദേശീയ ഗോത്രനേതാക്കൾ. ബ്രിട്ടീഷ് രാജാവായി ശനിയാഴ്ച ചാൾസിന്റെ കിരീടധാരണം നടക്കാനിരിക്കെയാണ് 12 തദ്ദേശീയ വിഭാഗങ്ങളുടെ നേതാക്കൾ ഈ ആവശ്യമുന്നയിച്ച് കത്ത് എഴുതിയത്.
ആന്റിഗ്വ, ബാർബുഡ, ഓറ്റേറൂവ, ഓസ്ട്രേലിയ, ബഹാമാസ്, ബെലീസ്, ക്യാനഡ, ഗ്രനേഡ, ജമെക്ക, പാപുവ ന്യൂ ഗിനിയ, സെയ്ന്റ് കിറ്റിസ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിൻസന്റ്, ഗ്രനഡൈൻസ് തുടങ്ങിയ ഇടങ്ങളിലെ തദ്ദേശീയ വിഭാഗക്കാരുടെ സംഘടനകളാണ് കത്തെഴുതിയത്. ബ്രിട്ടീഷ് സാമ്രാജ്യം ഇവയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തദ്ദേശീയരെ അടിമകളാക്കുകയും കൊന്നുതള്ളുകയും ചെയ്തു. ഇതിന്റെ അനന്തരഫലങ്ങൾ അംഗീകരിച്ച് ചാൾസ് പ്രസ്താവനയിറക്കണം–- കത്തിൽ ആവശ്യപ്പെട്ടു.
16–-ാം നൂറ്റാണ്ടിൽ തുടങ്ങിയ ബ്രിട്ടീഷ് കോളനിവൽക്കരണം 1922 ആയപ്പോഴേക്കും ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. ലോകത്തിന്റെ കാൽഭാഗത്തോളം കൈപ്പിടിയിലാക്കിയ ബ്രിട്ടീഷ് രാജഭരണം ഇത്തരത്തിൽ 45 കോടി ജനങ്ങളുടെ ജീവിതമാണ് കൈപ്പിടിയിൽ ഒതുക്കിയത്.