കുമളി
പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ആയിരങ്ങളുടെ പങ്കാളിത്തത്തോടെ ചിത്രാപൗർണമി ഉത്സവം ആഘോഷിച്ചു. മംഗളാദേവിയിൽ വർഷത്തിൽ ഒരിക്കൽ മാത്രമാണ് പ്രവേശനം. ചൈത്രമാസത്തിലെ ചിത്തിരനാളിലെ പൗർണമി അഥവാ ചിത്രാപൗർണമി ദിനമായ വെള്ളിയാഴ്ച ഇരു സർക്കാരുകളുടെയും സംയുക്ത നേതൃത്വത്തിലാണ് ഉത്സവം നടത്തിയത്. കേരളത്തിലെയും തമിഴ്നാട്ടിലേയും തീർഥാടകരും സഞ്ചാരികളും ചരിത്ര വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ ഇത്തവണയും എത്തി.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളിൽ ഇരു സംസ്ഥാനങ്ങളുടേയും സംമ്പ്രദായങ്ങളനുസരിച്ച് പ്രത്യേകം പൂജകളാണ് നടന്നത്. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും പുലർച്ചെ അഞ്ചോടെ നട തുറന്ന് ചടങ്ങുകൾ ആരംഭിച്ചു. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരള – തമിഴ്നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാസേന അധികൃതർ സംയുക്തമായാണ് ഉത്സവം നടത്തിയത്.
കുമളിയിൽനിന്നും വനത്തിനുള്ളിലൂടെ 14 കി. മീറ്ററോളം സഞ്ചരിച്ചാണ് ആളുകൾ ക്ഷേത്രത്തിലെത്തിയത്. കുടിവെള്ളവും ശുചിസൗകര്യവും ഏർപ്പെടുത്തിയിരുന്നു. പ്രത്യേക പാസ് നൽകി ഗതാഗതവും ക്രമീകരിച്ചു.