തിരുവനന്തപുരം
പ്രവാസിക്ഷേമ പദ്ധതികളിലെ മികവിന് നോർക്ക റൂട്ട്സിന് ദേശീയ പുരസ്കാരം. രാജ്യ പുരോഗതിക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് ദേശീയതലത്തിൽ ഏർപ്പെടുത്തിയ സ്കോച്ച് അവാർഡിനാണ് നോർക്ക അർഹമായത്. സാമൂഹ്യനീതിയും സുരക്ഷയും വിഭാഗത്തിൽ സിൽവർ കാറ്റഗറിയിലാണ് പുരസ്കാരം.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനരേകീകരണത്തിനുമായി നടപ്പാക്കിയ പദ്ധതികളാണ് പുരസ്കാരത്തിന് അർഹരാക്കിയത്. മെയ് അവസാനം ഡൽഹിയിൽ പുരസ്കാരം വിതരണം ചെയ്യും.
നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻഡിപിആർഇഎം) പദ്ധതിയുടെ ഭാഗമായി വനിതാമിത്ര, പ്രവാസി ഭദ്രത, നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ, പ്രവാസി സംഘങ്ങൾക്ക് ധനസഹായം തുടങ്ങിയ പദ്ധതികളാണ് മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്നത്. സമാശ്വാസ പദ്ധതിയായ സാന്ത്വനയുമുണ്ട്. വിവിധ പദ്ധതികൾ വഴി കഴിഞ്ഞ സാമ്പത്തികവർഷം 10,200 പ്രവാസി സംരംഭങ്ങൾ കേരളത്തിൽ യാഥാർഥ്യമായി. പുരസ്കാരം കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.