ന്യൂഡൽഹി
മണിപ്പുരിൽ ക്രമസമാധാനച്ചുമതല കേന്ദ്രം ഏറ്റെടുത്തിട്ടും കലാപത്തിന് അയവില്ല. പർവതമേഖലകളിൽ ഏറ്റുമുട്ടൽ തുടരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. എന്നാൽ ഇതുവരെ 31 പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഒട്ടേറെ ആരാധനാലയങ്ങൾ തകർത്തു. സംഘർഷബാധിത മേഖലകളിൽനിന്ന് 11,000ഓളം പേരെ ഒഴിപ്പിച്ചതായി സൈന്യം അറിയിച്ചു. മണിപ്പുരിലേക്കുള്ള എല്ലാ ട്രെയിനും റദ്ദാക്കി. അവിടെ കുടുങ്ങിയ മറ്റ് സംസ്ഥാനക്കാരെ മടക്കിക്കൊണ്ടുവരാൻ അതത് സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നു.
ചുരാചന്ദ്പുർ, ബിഷ്ണുപുർ, ഇംഫാൽ ഈസ്റ്റ് ജില്ലകളിൽ തുടർച്ചയായി വെടിയൊച്ച മുഴങ്ങുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. സൈന്യവും അസം റൈഫിൾസും വിവിധ ഇടങ്ങളിൽ ഫ്ളാഗ് മാർച്ച് നടത്തി. എട്ട് ജില്ലയിൽ നിശാനിയമം തുടരുന്നു. മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞു. മുഖ്യമന്ത്രിയെ സന്ദർശിച്ച് മടങ്ങുന്നതിനിടെ വ്യാഴാഴ്ച ഇംഫാലിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ബിജെപി എംഎൽഎ വുങ്സാഗിൻ വാൽട്ടെയുടെ നില ഗുരുതരമായി തുടരുകയാണ്.
കർണാടകത്തിലെ പ്രചാരണം വെട്ടിച്ചുരുക്കി ആഭ്യന്തരമന്ത്രി അമിത്ഷാ ഡൽഹിയിലെത്തി. മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസും ആർജെഡിയും ആവശ്യപ്പെട്ടു. കലാപം തടയുന്നതിൽ പരാജയപ്പെട്ട അമിത് ഷായെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പ്രതികരിച്ചു. പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം കാണണമെന്ന് സിപിഐ ദേശീയ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സമുദായസൗഹാർദ്ദം പുനഃസ്ഥാപിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് സിപിഐ എം മണിപ്പുർ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മെയ്ത്തീ സമുദായത്തെ പട്ടികവർഗക്കാരായി പ്രഖ്യാപിക്കണമെന്ന ആവശ്യം, പർവതമേഖലകളിലെ ഗോത്രവർഗക്കാരെ ഒഴിപ്പിക്കൽ, കുക്കി കലാപകാരികളുമായുള്ള വെടിനിർത്തൽ പിൻവലിക്കൽ എന്നീ വിഷയങ്ങളാണ് സംസ്ഥാനത്ത് കലാപത്തിന് കാരണമായത്.
17 പള്ളികൾ
തകർത്തു : സഭ
മണിപ്പൂരിൽ കലാപത്തിന്റെ മറവിൽ ക്രൈസ്തവരെ വേട്ടയാടുകയാണെന്ന് ബംഗളരു ആര്‍ച്ച് ബിഷപ്പ് റവ.ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. സംഘര്‍ഷത്തില്‍ 17 പള്ളി ഇതിനകം തകര്‍ക്കപ്പെട്ടു. 1974ല്‍ നിര്‍മ്മിച്ച മൂന്ന് പള്ളികളും നിരവധി വീടുകളും ഇതിനകം തീയിട്ടു. 41% ക്രൈസ്തവജനസംഖ്യയുള്ള സംസ്ഥാനത്ത് അവർ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പ്രദേശത്ത് സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികര്‍ ഭീഷണി നേരിടുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ആക്രമണത്തിനു പിന്നിൽ
ക്രൈസ്തവ സഭയെന്ന് ഓർഗനൈസർ
ക്രൈസ്തവ സഭകളുടെ പിന്തുണയിലാണ് മണിപ്പുരിൽ ആക്രമണങ്ങൾ നടക്കുന്നതെന്ന് ആർഎസ്എസ് പ്രസിദ്ധീകരണം ‘ഓർഗനൈസർ’. ഹിന്ദുഭൂരിപക്ഷ മേഖലകളിൽനിന്ന് ആളുകൾ പലായനം ചെയ്തതായും ഓർഗനൈസർ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. സഭകളുടെയും തീവ്രവാദികളുടെയും പിന്തുണയിൽ സായുധ ആക്രമണമാണ് നടക്കുന്നത്. ഹിന്ദുക്കൾക്കുനേരെയുള്ള ആക്രമണങ്ങളുടെ കാരണം അവ്യക്തമാണെന്നും പറഞ്ഞു.
മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ
ശ്രമം തുടങ്ങി
മണിപ്പുരിൽ കുടുങ്ങിയ ഒമ്പത് മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ശക്തമാക്കി സംസ്ഥാന സർക്കാർ. മണിപ്പുർ സർവകലാശാലയിൽ പഠിക്കുന്ന കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് സ്വദേശികളുമായി ഫോണിൽ ബന്ധപ്പെടാനായെന്ന് ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു.
കണ്ണൂർ തളിപ്പറമ്പ് സ്വദേശി അബ്ദുൽ ബാസിത്, കൊട്ടിയൂർ സ്വദേശി ശ്യാം കുമാർ, മലപ്പുറം വട്ടംകുളം സ്വദേശി ആർ നവനീത്, പുള്ളിപറമ്പ് സ്വദേശി ഫാത്തിമ ദിൽന, കൊണ്ടോട്ടി സ്വദേശി എം സി റെനിയ , വയനാട് പുൽപ്പള്ളി സ്വദേശി ആദിത്യ രവി, പാലക്കാട് പഴയലക്കിടി സ്വദേശി സി എസ് ഷഹ്ല, കോഴിക്കോട് കക്കോടി സ്വദേശി ആർ എസ് അനൂപ്, ചേമഞ്ചേരി സ്വദേശി എസ് ബി റിതിൻ എന്നിവരുമായാണ് ബന്ധപ്പെട്ടത്. ഇവർക്ക് സർവകലാശാലയിൽനിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. നോർക്കയും ഡൽഹി കേരള ഹൗസും സംയുക്തമായിട്ടായിരിക്കും രക്ഷാപ്രവർത്തനം നടത്തുകയെന്നും കൂടുതൽ മലയാളികൾ മണിപ്പുരിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ അവർക്കും സഹായമെത്തിക്കുമെന്നും കെ വി തോമസ് അറിയിച്ചു.