കോഴിക്കോട്
മാതൃഭാഷാപഠനവും മാതൃഭാഷയിലൂടെയുള്ള പഠനവും ശക്തിപ്പെടുത്തണമെന്ന് അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായുള്ള പൊതുവിദ്യാഭ്യാസ സെമിനാർ നിർദേശിച്ചതായി അക്കാദമിക് കമ്മിറ്റി ചെയർമാന്മാരായ പ്രൊഫ. സി രവീന്ദ്രനാഥ്, കൺവീനർ ഡോ.സി രാമകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്കും നിലവാരം ഉയർത്തുന്നതിനും പുത്തൻ ദേശീയ വിദ്യാഭ്യാസ നയം വലിയ വെല്ലുവിളിയാണ്. അറിവിന്റെ കച്ചവടവൽക്കരണമെന്ന കാഴ്ചപ്പാടാണ് അത് മുമ്പോട്ടുവയ്ക്കുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കുന്നില്ല. അതിന് ബദൽ സൃഷ്ടിക്കാനുള്ള നിർദേശങ്ങൾക്ക് സെമിനാർ രൂപം നൽകി. അറിവിന്റെ ജനകീയവൽക്കരണവും ജനാധിപത്യവൽക്കരണവുമാണ് കേരളം ലക്ഷ്യമിടുന്നത്.
വിദ്യാർഥികൾക്കനുസരിച്ച് അധ്യാപകരും മാറണം. ബോധനരീതികളിലും അധ്യാപക പരിശീലനത്തിലും മാറ്റം വരണം. മാതൃഭാഷയിലൂടെയുള്ള പഠനം പ്രോത്സാഹിപ്പിക്കുമ്പോൾതന്നെ, ഭാഷയെന്ന നിലയിൽ ഇംഗ്ലീഷ് പഠിപ്പിക്കണം. ഇതിലെ ന്യൂനത പരിഹരിക്കണം. ശാസ്ത്രം പഠിക്കുന്നവർക്ക് ശാസ്ത്രബോധം ഉണ്ടാകുന്നില്ല. ചരിത്രബോധം ആവശ്യമില്ലെന്ന നിലപാട് രൂപപ്പെടുന്നു. ഇത് തിരുത്തപ്പെടണം. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മുമ്പിലാണ്. സ്കൂൾ പ്രായത്തിലുള്ള മിക്കവാറും കുട്ടികൾ കേരളത്തിൽ സ്കൂളുകളിൽ എത്തുന്നുണ്ട്. എന്നാൽ ദേശീയതലത്തിൽ, എട്ടുകോടിയിലധികം കുട്ടികൾ എത്തുന്നില്ല.
സാങ്കേതികവിദ്യയുടെ സാധ്യത പഠനമേഖലയിൽ ഉപയോഗപ്പെടുത്തുമ്പോൾ കുട്ടികളുടെ സർഗാത്മകത തടയുന്ന രീതി ചെറുക്കണം. സാങ്കേതികവിദ്യയാണ് അന്തിമമെന്ന നിലപാട് ശരിയല്ല. സംഘാടക സമിതി ചെയർമാൻ എ പ്രദീപ് കുമാർ, ജനറൽ കൺവീനർ കെ ടി കുഞ്ഞിക്കണ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.