തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന കർമപരിപാടിയിൽ ലൈഫ് മിഷൻ പൂർത്തിയാക്കിയത് 20,073 വീട്. ലൈഫ് 2020 പട്ടികയിൽ ഉൾപ്പെട്ട 41,439 ഗുണഭോക്താക്കളുമായി കരാർവയ്ക്കാനും ഈ കാലയളവിൽ കഴിഞ്ഞു. 20,000 ഗുണഭോക്താക്കളുമായി കരാർവയ്ക്കാൻ തീരുമാനിച്ചിടത്താണിത്. പൂർത്തിയായ 20,073 വീടിന്റെ താക്കോൽ ദാനവും 41,439 ഗുണഭോക്താക്കളുമായി കരാർവച്ചതിന്റെ പ്രഖ്യാപനവും വ്യാഴം വൈകിട്ട് അഞ്ചിന് കൊല്ലം കൊറ്റങ്കര മേക്കോണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ ലൈഫ് പദ്ധതിയിൽ ഇതുവരെ പൂർത്തിയായ വീടുകളുടെ എണ്ണം 3,42,156 ആയി.
ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിന് മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ 23.50 ഏക്കർ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 12.32 ഏക്കർ ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ 1000 ഭൂരഹിത ഭവനരഹിത കുടുംബത്തിന് ഭൂമിവാങ്ങാൻ പരമാവധി 2.5 ലക്ഷം രൂപ നിരക്കിൽ 25 കോടി രൂപ ധനസഹായം നൽകാൻ സർക്കാരുമായി ധാരണപത്രം ഒപ്പിട്ടിട്ടുണ്ട്.
ലൈഫ് 2020 ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ട 3,69,262 ഭൂമിയുള്ള ഭവനരഹിതരിൽ പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് അതിവേഗം ആനുകൂല്യം ലഭ്യമാക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് 46,380 ഗുണഭോക്താക്കൾ വീടുനിർമാണത്തിന് കരാറിലേർപ്പെട്ടു. ഇതിൽ 587 വീട് പൂർത്തിയാക്കി. അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട വീട് ആവശ്യമുള്ള 8058 പേരിൽ 2358 പേർ കരാറിലേർപ്പെട്ടതിൽ 47 പേർ വീട് പൂർത്തിയാക്കുകയും ചെയ്തു.
നൂറുദിന പരിപാടിയുടെ ഭാഗമായി നാല് ലൈഫ് ഭവനസമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതുകൂടാതെ 25 ഭവനസമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. എറണാകുളം നെല്ലിക്കുഴി, തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തുകളിലും പുതിയ ഭവനസമുച്ചയം നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ തദ്ദേശമന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.
ഭവനരഹിതർ ഇല്ലാത്ത കേരളത്തിലേക്കുള്ള ചുവടുവയ്പ്: മുഖ്യമന്ത്രി
ഭവനരഹിതർ ഇല്ലാത്ത സുന്ദര കേരളമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിലേക്കുള്ള വലിയ കാൽവയ്പാണ് വ്യാഴാഴ്ച കൈമാറുന്ന 20,073 വീടുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏതൊരു മനുഷ്യന്റെയും അവകാശമാണ് അടച്ചുറപ്പുള്ള വീട്. ഇത് നൽകുന്ന സുരക്ഷിതബോധവും ആത്മവിശ്വാസവും ചെറുതല്ല. എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്ന നാടായി കേരളത്തെ മാറ്റാൻ വികസനപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണ് എൽഡിഎഫ് സർക്കാരെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.