കൊല്ലം
ആന്ധ്രയിൽനിന്നുള്ള ജയ അരിയുടെ വില കിലോയ്ക്ക് 22 രൂപ കുറഞ്ഞു. മൊത്തവിപണിയിൽ 58 രൂപയായിരുന്നത് 36 രൂപയായി. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിയിൽ ഉൽപ്പാദനം കൂടിയതാണ് കാരണം. മാവേലി സ്റ്റോറും, റേഷന്‍ കടയും വഴി ജയ അരി ലഭ്യമാക്കാന്‍ സർക്കാർ നടപടി തുടങ്ങി. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.
വിളവെടുപ്പുകാലമായ മെയ്, ജൂൺ മാസങ്ങളിൽ സാധാരണ വിലക്കുറവ് ഉണ്ടാകാറുണ്ട്. കഴിഞ്ഞ വർഷം അത് ഉണ്ടായില്ല. അതോടെ ആഗസ്തിൽ കിലോയ്ക്ക് 65രൂപയായി. ജയക്കൊപ്പം മറ്റ് നെല്ലിനം കൂടി കൃഷി ചെയ്യാൻ ആന്ധ്രാ സർക്കാർ നിർദേശം നൽകിയതാണ് തിരിച്ചടിയായത്. മറ്റിനങ്ങളിൽനിന്ന് പ്രതീക്ഷിച്ച വിളവുണ്ടായില്ല. ഈ വർഷം നിയന്ത്രണം നീങ്ങിയതിനാൽ ജയഅരി ഉല്‍പ്പാദനം വർധിച്ചു. ഏപ്രിൽ 25 മുതലാണ് കേരളത്തിലേക്ക് കൂടുതൽ ലോഡ് എത്തിത്തുടങ്ങിയത്.