വാഷിങ്ടൺ
പ്രായം മുപ്പത്തെട്ടായെങ്കിലും കായികലോകത്തെ അതിസമ്പന്നൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ. ഈ വർഷം ഏറ്റവും വരുമാനമുണ്ടാക്കിയ കായികതാരം പോർച്ചുഗൽ ക്യാപ്റ്റനാണെന്നാണ് ഫോബ്സിന്റെ കണ്ടെത്തൽ. 1112 കോടി രൂപയാണ് റൊണാൾഡോ സമ്പാദിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് സൗദി അറേബ്യൻ ക്ലബ് അൽ നാസറിലേക്ക് ചേക്കേറിയതാണ് മുന്നേറ്റക്കാരന് നേട്ടമുണ്ടാക്കിയത്. 1800 കോടിയോളം രൂപയ്ക്കാണ് സൗദി ക്ലബ് റൊണാൾഡോയെ സ്വന്തമാക്കിയത്.
അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയാണ് പട്ടികയിൽ രണ്ടാമൻ. 1063 കോടി രൂപയാണ് മെസി കഴിഞ്ഞവർഷം സമ്പാദിച്ചത്. ഫ്രഞ്ച് മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെ (981 കോടി രൂപ) മൂന്നാമതുണ്ട്. അമേരിക്കൻ ബാസ്കറ്റ്ബോൾ ഇതിഹാസം ലെബ്രോൺ ജയിംസും (977 കോടി രൂപ) മെക്സിക്കൻ ബോക്സർ കനെലൊ അൽവാരെസുമാണ് (900 കോടി രൂപ) തൊട്ടടുത്ത സ്ഥാനങ്ങളിൽ. വിരമിച്ചിട്ടും ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ആദ്യ പത്തിലുൾപ്പെട്ടു.