ന്യൂഡൽഹി> കേരളത്തെ അധിക്ഷേപിച്ച് പ്രസംഗിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ചു ലേഖനമെഴുതിയതിന്റെ പേരിൽ സിപിഐ എം എം പി ജോൺ ബ്രിട്ടാസിനോട് വിശദീകരണം തേടിയ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ പത്രങ്ങൾ. അഭിപ്രായസ്വാതന്ത്ര്യം തടയാനുള്ള പുതിയ നീക്കമാണിതെന്ന് മൂന്ന് പത്രങ്ങൾ ബുധനാഴ്ച്ച എഴുതിയ മുഖപ്രസംഗങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. എംപിമാരുടെ സ്ഥിതി ഇതാണെങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥ എന്താകും എ്ന്നും പത്രങ്ങൾ ചോദിക്കുന്നു.
‘അഭിപ്രായസ്വാതന്ത്ര്യം തടയാനുള്ള അതിരുകടന്ന ശ്രമം’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിൽ ബ്രിട്ടാസിനെയല്ല അമിത്ഷായെ ആയിരുന്നു വിളിച്ചുവരുത്തേണ്ടതെന്ന് ഡെക്കാൻ ഹെറാൾഡ് പറയുന്നു. മുഖപ്രസംഗത്തിൽ നിന്ന്:
‘‘അമിത് ഷായുടെ പ്രസ്താവനയെ വിമർശിക്കാൻ ബ്രിട്ടാസിന് എല്ലാ അവകാശമുണ്ട്. ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള ധൻഖർ ഇതിന്റെ പേരിൽ ബ്രിട്ടാസിനോട് വിശദീകരണം തേടിയത് ആശ്ചര്യകരമാണ്. ധൻഖറിനെ കണ്ട് എംപി വിഷയം ധരിപ്പിച്ചു. സഭയ്ക്ക് പുറത്ത് ഒരു അംഗത്തിന്റെ പെരുമാറ്റത്തിന്റെ പേരിൽ നടപടി എടുക്കാനും വിശദീകരണം തേടാനും രാജ്യസഭാ അധ്യക്ഷന്‍ എന്ത് അധികാരമാണുള്ളതെന്ന് അറിയില്ല. വിഷയം ആകെ പരിശോധിച്ചാൽ ബ്രിട്ടാസിന്റെ വിമർശനത്തിലെ നിയമവിരുദ്ധതയേക്കാൾ അമിത് ഷായുടെ പ്രസ്താവനയിലെ അനൗചിത്യമാണ് പ്രകടമാകുന്നത്. അനുയായികളുടെ ആരവത്തിനുവേണ്ടി പറഞ്ഞതാണ് അമിത് ഷായുടെ വാചകം. എംപിയുടെ ലേഖനം രാജ്യദ്രോഹമാണെന്ന് ആരോ കണ്ടത് ഞെട്ടിക്കുന്നതാണ്. രാജ്യസഭാ ചെയർമാൻ അത് സ്വീകരിച്ച് നടപടിയെടുത്തത് ആശ്ചര്യകരവുമാണ്. അനേകം തെറ്റായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതുമൊരു തെറ്റായ മാതൃകയാണ്.
അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് ഇവിടെ ചർച്ചാവിഷയം, അത് തടയാൻ പുതിയ വഴികൾ തേടുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. സഭയിലെ അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം രാജ്യസഭാ അധ്യക്ഷനുണ്ട്. ബ്രിട്ടാസിന്റെ ലേഖനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും അദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തതിലൂടെ ധൻഖർക്ക് ആ അവകാശങ്ങളെക്കുറിച്ച് സങ്കുചിതവും പരിമിതവുമായ കാഴ്ചപ്പാടാണെന്ന് വ്യക്തമായി . സഭയ്ക്കുള്ളിൽ സർക്കാരിനെയും അതിന്റെ പ്രവർത്തനങ്ങളെയും നയങ്ങളെയും വിമർശിക്കാൻ തങ്ങൾക്ക് കഴിയുന്നില്ലെന്ന് പാർലമെന്റ് അംഗങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇപ്പോൾ പുറത്തു പ്രകടിപ്പിക്കുന്ന നിലപാടുകളുടെ പേരിലും അവരെ ചോദ്യം ചെയ്യുന്നു. എംപിമാർക്ക് സഭയ്ക്കകത്തും പുറത്തും തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ സാധാരണ പൗരന് അങ്ങനെ ചെയ്യാൻ കഴിയുമോ?‐ മുഖപ്രസംഗം ചോദിക്കുന്നു.
സഭാംഗമല്ലായിരുന്നെങ്കിൽ പോലും, ഓരോ പൗരനും ചെയ്യുന്നതുപോലെ, സർക്കാരിനും അതിന്റെ നേതാക്കന്മാർക്കും എതിരെ സംസാരിക്കാനും എഴുതാനും ബ്രിട്ടാസിന് അവകാശമുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് മുഖപ്രസംഗത്തിൽ പറഞ്ഞു. “ഗവൺമെന്റിന്റെ നടപടികളോട് എത്ര ശക്തമായ വാക്കുകളിൽ വിയോജിപ്പ് പ്രകടിപ്പിച്ചാലും അത് “രാജ്യദ്രോഹപരമായ” പ്രസംഗമാവില്ലെന്ന് 1962ൽ തന്നെ ‘കേദാർ നാഥ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സംവാദവും ചർച്ചയും സാധ്യമാക്കുകയും ജനപ്രതിനിധികൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കുകയുമാണ് സഭാധ്യക്ഷന്റെ ഓഫീസും സഭയുടെ സെക്രട്ടേറിയറ്റും ചെയ്യേണ്ടത്‐ ഇന്ത്യൻ എക്സ്പ്രസ് മുഖപ്രസംഗത്തിൽ പറഞ്ഞു.
‘‘കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. താൻ എന്തിനാണ് ഒരു പത്രത്തിൽ ലേഖനം എഴുതിയതെന്ന് വിശദീകരിക്കാൻ ഒരു അംഗത്തോട് ലോക്സഭാ സ്പീക്കറോ രാജ്യസഭാ ചെയർമാനോ മുമ്പ് ആവശ്യപ്പെട്ടിട്ടില്ല. ഒരു ഇംഗ്ലീഷ് പത്രത്തിൽ ഒരു ലേഖനം എഴുതിയ സാഹചര്യം വിശദീകരിക്കാൻ ഉപരിസഭയുടെ ചെയർമാൻ എന്ന നിലയിൽ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ സിപിഐ എമ്മിലെ ജോൺ ബ്രിട്ടാസിനോട് ആവശ്യപ്പെട്ടിരിക്കുന്നു.’’‐ ഫ്രീ പ്രസ് ജേർണൽ എഴുതുന്നു.
‘‘എന്ത് അധികാരത്തിലാണ് ചെയർമാൻ വിഷയത്തിൽ ഇടപെട്ടതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. മികച്ച പാർലമെന്റേറിയൻമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടാസ് ആഭ്യന്തര മന്ത്രിക്കെതിരെ അപകീർത്തികരമായ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ, അപകീർത്തിനിയമപ്രകാരം നടപടിയെടുക്കാൻ അമിത്ഷായ്ക്ക് അധികാരമുണ്ട്. നഷ്ടപരിഹാരവും ആവശ്യപ്പെടാം.
സംസാര സ്വാതന്ത്ര്യം പൗരന്റെ അനിഷേധ്യമായ അവകാശങ്ങളിൽ ഒന്നാണ്. ഈ അവകാശം ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടാൽ ജനാധിപത്യത്തിന് അതിന്റെ തിളക്കം നഷ്ടപ്പെടും. പാർലമെന്റ് അംഗമായ ഒരാളോട് ഒരു ലേഖനം എഴുതിയത് എന്തുകൊണ്ട് എന്ന് വിശദീകരിക്കാൻ ആവശ്യപ്പെടുന്നത് ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. വിമർശകർക്കും വിയോജിക്കുന്നവർക്കും എതിരെ സർക്കാർ ബലപ്രയോഗവും ഭീഷണിയും പ്രയോഗിക്കുന്നതിനാൽ, വിമർശനത്തിനും വിയോജിപ്പിനുമുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. താൻ എന്തിനാണ് ഒരു ലേഖനം എഴുതിയതെന്ന് എന്ന് ഇന്ന് ജോൺ ബ്രിട്ടാസ് വിശദീകരിക്കണമെങ്കിൽ, മാധ്യമപ്രവർത്തകർക്കും മറ്റുള്ളവർക്കുമെതിരെ ഇതേ അധികാരം പ്രയോഗിക്കില്ലെന്ന് എന്താണ് ഉറപ്പ്?’’‐ ഫ്രീ പ്രസ് ജേർണൽ ചോദിക്കുന്നു.
കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അമിത് ഷാ ‘കേരളം നിങ്ങളുടെ അടുത്തുണ്ട്. ഞാന്‍ കൂടുതല്‍ പറയുന്നില്ല’ എന്ന രീതിയില്‍ കേരളത്തെ ആക്ഷേപിച്ച് പ്രസംഗിക്കുകയുണ്ടായി. തന്റെ ലേഖനത്തില്‍ ഇതിനെ വിമർശിച്ചതിനാണ് ബ്രിട്ടാസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.