തിരുവനന്തപുരം> കേരളത്തിന്റേത് ഒരുമയുടെ കഥയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണജൂബിലി സെമിനാറിൽ ‘ആർഎസ്എസും വർഗീയതയും ഇന്ത്യൻ രാഷ്ട്രീയത്തിൽ’ എന്നവിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും വിവിധ ജാതിമതസ്ഥരും ഒരുമിച്ച് ജീവിക്കുന്ന നാടാണ് കേരളം. ആർഎസ്എസിന്റെയും ബിജെപിയുടേയും ഫാസിസ്റ്റ് ഹിന്ദുത്വ അജണ്ടയെ സഹായിക്കുന്നതിനാണ് ‘കേരള സ്റ്റോറി, കശ്മീർഫയൽസ്’ തുടങ്ങിയ സിനിമൾ സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസും ബിജെപിയും തങ്ങൾക്കനുകൂലമായി പുതിയ കഥകൾ സൃഷ്ടിക്കുന്നു. വ്യാജ ചരിത്രം മെനയുന്നു. അന്ധവിശ്വാസം വളർത്തിയെടുത്ത് പുതിയ തലമുറയെ യുക്തിചിന്തകളിൽനിന്ന് മാറ്റിനിർത്താനാണ് അവരുടെ ശ്രമം. അതിനുവേണ്ടി പാഠപുസ്തകങ്ങൾപോലും മാറ്റിയെഴുതുന്നു. മാധ്യമങ്ങളേയും നീതിന്യായ വ്യവസ്ഥയേയു നിയന്ത്രണത്തിലാക്കുന്നു. രാജ്യത്തിന്റെ സ്വതന്ത്ര അന്വേഷണ ഏജൻസികളേപ്പോലും ബിജെപി രാഷ്ട്രീയ ആയുധമാക്കി. നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികൾ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ 95 ശതമാനവും എതിർ രാഷ്ട്രീയപാർട്ടികൾക്കും അവരുടെ നേതാക്കൾക്കും എതിരേയാണ്. രാജ്യത്തിന്റെ നിയമനിർമാണ സഭകളിൽപോലും എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നത്. ജോൺബ്രിട്ടാസ് എംപി എഴുതിയ ഒരു ലേഖനത്തിന്റെ പേരിൽ രാജ്യസഭാ ചെയർമാൻ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ഭരണഘനാപരമായ അഭിപ്രായസ്വാതന്ത്ര്യത്തെ കവർന്നെടുക്കലാണ്.
ചങ്ങാത്ത മുതലാത്തമാണ് രാജ്യത്ത് നടമാടുന്നത്. രാജ്യത്തിന്റെ സമ്പത്ത് അദാനിമാരും ബിജെപിയുടെ ചങ്ങാതികളും ചേർന്ന് കൊള്ളയടിക്കുകയാണ്. അദാനിക്കെതിരായ ചോദ്യങ്ങൾപോലും രാജ്യസഭയിൽനിന്ന് നീക്കം ചെയ്യപ്പെടുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുക്കുകയാണ്. അവർക്കുനേരെ ബുൾഡോസർ രാഷ്ട്രീയമാണ് നടപ്പാക്കുന്നത്. ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച്ഭരണം തടസപ്പെടുത്താൻ ശ്രമിക്കുന്നു. ആർഎസ്എസും ബിജെപിയും ആഗ്രഹിക്കുന്നതുപോലെ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രം രൂപീകൃതമായാൽ തകർക്കപ്പെടുന്നത് ഇന്ത്യൻ ഭരണഘടനയായിരിക്കും. ഇനിയൊരു അവസരംകൂടി ബിജെപിയ്ക്ക് നൽകാതിരിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇടതുപക്ഷം നേതൃത്വം നൽകുന്നത്. ഇന്ത്യ തകരാതിരിക്കാൻ എല്ലാവരും ഒറ്റക്കെട്ടായിനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ഇഎ പ്രസിഡന്റ് പി ഹണി അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ എൻ അശോക് കുമാർ, വൈസ്പ്രസിഡന്റ് എസ് ഷീലാകമാരി എന്നിവർ സംസാരിച്ചു.