ന്യൂഡല്‍ഹി > ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ജന്തര്‍ മന്തിറില്‍ സരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ കാണാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയെത്തി. സമരപ്പന്തലിലെത്തിയ ഉഷയുടെ വാഹനം തടഞ്ഞു. ഗുസ്തി താരങ്ങൾക്ക് എതിരായി പിടി ഉഷ നടത്തിയ പ്രസ്താവനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്നാണ് വാഹനം തടഞ്ഞത്.
സമരം നടത്തിവരുന്ന താരങ്ങള്‍ക്കെതിരെ പി ടി ഉഷ പ്രസ്താവന നടത്തിയിരുന്നു. തെരുവിലെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു. താരങ്ങൾ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നുമായിരുന്നു പി ടി ഉഷയുടെ പരാമർശം. ഇത് വിവാദമായിരുന്നു. ഗുസ്തി താരങ്ങളുടെ സമരം പതിനൊന്നാം ദിവസം പിന്നിട്ടപ്പോഴാണ് താരങ്ങളെ സന്ദര്‍ശിക്കാനായി ഉഷ എത്തിയത്. സമരം ചെയ്യുന്ന താരങ്ങളെ സന്ദർശിക്കാൻ എന്തുകൊണ്ട് പിടി ഉഷ വൈകി എന്ന ചോദ്യമുയര്‍ത്തിയാണ് ഉഷയുടെ വാഹനം തടഞ്ഞത്.
ബ്രിജ് ഭൂഷൺ രാജിവെക്കണമെന്ന ആവശ്യവുമായി നടത്തുന്ന സമരം പതിനൊന്നാം ദിവസം പിന്നിടുമ്പോള്‍ നിരവധി പേരാണ് സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഗുസ്തി താരങ്ങളെ സമീപിക്കുന്നത്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ കേസ് ഇല്ലാതാക്കാൻ സമ്മർദം ചെലുത്തിയെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു.
പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ബ്രിജ് ഭൂഷണെതിരെ കേസ് എടുത്തിട്ട് നാല് ദിവസമായെങ്കിലും ഇതുവരെ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. നടപടികള്‍ ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നാണ് താരങ്ങളുടെ നിലപാട്.