കൊച്ചി> വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. സ്റ്റോപ്പ് അനുവദിക്കുന്നത് റെയിൽവേയാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
മലപ്പുറം ജില്ലയിലുള്ളവർക്ക് വന്ദേഭാരതിൽ യാത്ര ചെയ്യണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് കോഴിക്കോടോ ഷൊർണൂരോ എത്തണമെന്നും ഈ സാഹചര്യത്തിൽ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരൂർ സ്വദേശിയും അഭിഭാഷകനുമായ പി ടി ഷിജീഷാണ് ഹർജി നൽകിയത്. എല്ലാ ജില്ലയിലുള്ളവരുടെയും ആവശ്യം പരിഗണിച്ച് സ്റ്റോപ്പ് അനുവദിച്ചാൽ അതിവേഗ ട്രെയിനുകളുടെ ലക്ഷ്യം ഇല്ലാതാകുമെന്നും കോടതി പറഞ്ഞു.















