കാസർകോട് > അസിസ്റ്റന്റ് പ്രൊഫസർ നിയമനവിവാദത്തിനുപിന്നാലെ, കേന്ദ്ര സർവകലാശാലയിൽ ഇൻഫർമേഷൻ സയന്റിസ്റ്റ് നിയമനത്തിലും ക്രമക്കേട്. റാങ്കുപട്ടിക പ്രസിദ്ധീകരിക്കുംമുമ്പ് നിയമന ഉത്തരവ് നൽകിയതായി വിവരാവകാശ രേഖ. റാങ്കുപട്ടിക പ്രസിദ്ധീകരിച്ച 2020 ഡിസംബർ 24-നും ഒരാഴ്ചമുമ്പ് ഡിസംബർ 17-ന് നിയമന ഉത്തരവ് നൽകിയതായാണ് രേഖകൾ. നിയമനം നേടിയയാൾക്ക് മതിയായ പ്രവൃത്തി പരിചയമില്ലെന്നും രേഖയിലുണ്ട്. അഭിമുഖത്തിൽ മാർക്കുദാനവും നടന്നു. അഭിമുഖത്തിൽ പങ്കെടുത്ത പിലാത്തറ ചെറുതാഴം സ്വദേശി രഞ്ജിത് രാജനാണ് നിയമന രേഖകൾ പുറത്തുകൊണ്ടുവന്നത്. വിവരാവകാശ അപേക്ഷകൾക്ക് സർവകലാശാലാ അധികൃതർ പൂർണ വിവരങ്ങൾ നൽകാതിരുന്നപ്പോൾ, കേന്ദ്ര വിവരാവകാശ കമീഷനെ സമീപിച്ചാണ് രഞ്ജിത് നിയമന രേഖകൾ വാങ്ങിയത്.
2019 ജൂണിലാണ് ഇൻഫർമേഷൻ സയന്റിസ്റ്റ് ഉൾപ്പെടെയുള്ള ഗ്രൂപ്പ് എ തസ്തികകളിൽ കേന്ദ്ര സർവകലാശാല വിജ്ഞാപനമിറക്കി അഭിമുഖം നടത്തിയത്. എൻജിനിയറിങ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദവും ഡിപ്ലോമയുമാണ് യോഗ്യത. നിലവിൽ നിയമനം നേടിയയാൾക്ക് ഈ യോഗ്യതയില്ലെന്നാണ് ആരോപണം. 179 അപേക്ഷകരിൽനിന്ന് സൂക്ഷ്മ പരിശോധന നടത്തി 113 പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചത്. യോഗ്യതയില്ലെന്നുകാണിച്ച് 66 അപേക്ഷ തള്ളിയപ്പോൾ, യോഗ്യതയില്ലാത്തയാൾ അഭിമുഖത്തിൽ കടന്നുകൂടിയതാണ് ഉദ്യോഗാർഥികൾ ചോദ്യംചെയ്യുന്നത്. ഒരു വർഷത്തെ പ്രവൃത്തി പരിചയത്തിന് നാല് മാർക്ക് വീതം പരമാവധി 20 മാർക്കാണുള്ളത്. നിയമനം നേടിയയാൾക്ക് പത്തുമാസത്തെ പ്രവൃത്തിപരിചയം മാത്രമുള്ളപ്പോൾ നാലുമാർക്ക് ദാനം നൽകിയതും ചോദ്യംചെയ്യപ്പെടുന്നു.















