തിരുവനന്തപുരം> സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതി മെഡിസെപ്പിൽനിന്ന് 10 മാസത്തിനുള്ളിൽ പ്രതീക്ഷിച്ചതിലേറെപ്പേർക്ക് പ്രയോജനം ലഭിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 2.2 ലക്ഷം പേർക്കായി 591 കോടി രൂപയുടെ ചികിത്സാ പരിരക്ഷാ ആനുകൂല്യം ലഭിച്ചത് ചരിത്രനേട്ടമാണ്. മെഡിസെപ് പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പിഞ്ചുകുഞ്ഞുമുതൽ 104 വയസ്സ് കഴിഞ്ഞവർക്കുവരെ പദ്ധതിയിൽ ചികിത്സ ഉറപ്പാക്കിയെന്നത് മറ്റൊരു ഇൻഷുറൻസ് പദ്ധതിക്കുമില്ലാത്ത പ്രത്യേകതയാണ്. പ്രതിമാസം 500 രൂപ പ്രീമിയത്തിൽ മറ്റൊരു പദ്ധതിയിലും 31 ലക്ഷത്തോളംപേർക്ക് പരിരക്ഷ ഉറപ്പാക്കുന്നില്ല. 2,20,860 പേർക്കാണ് 591.43 കോടി രൂപയുടെ ചികിത്സാച്ചെലവ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു അധ്യക്ഷനായി.
പദ്ധതിയുമായി മികച്ച നിലയിൽ സഹകരിക്കുന്ന വിവിധ സ്ഥാപനങ്ങളുടെയും പരാതിപരിഹാര സംവിധാനങ്ങളുടെയും അഭിനന്ദന പത്രങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഓറിയന്റൽ ഇൻഷുറൻസ് കമ്പനി സിഎംഡി ആർ ആർ സിങ്ങും തിരുവനന്തപുരം, കോട്ടയം സർക്കാർ മെഡിക്കൽ കോളേജുകൾ, തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കോഴിക്കോട് എംവിആർ ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ആസ്റ്റർ മിംസ്, തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്, എറണാകുളം അപ്പോളോ അടൂലക്സ് ആശുപത്രി, കൊല്ലം എൻഎസ് സഹകരണ ആശുപത്രി, കണ്ണൂർ എ കെ ജി ആശുപത്രി, തിരുവനന്തപുരം ജനറൽ ആശുപത്രി, ആർസിസി, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ജില്ലാ പരാതിപരിഹാര കമ്മിറ്റി എന്നിവരുടെ പ്രതിനിധികളും അഭിനന്ദനപത്രം സ്വീകരിച്ചു.
മേയർ ആര്യ രാജേന്ദ്രൻ, ധനകാര്യ റിസോഴ്സസ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി കെ മുഹമ്മദ് വൈ സഫീറുള്ള, ധനകാര്യ ഹെൽത്ത് ഇൻഷുറൻസ് അഡീഷണൽ സെക്രട്ടറി എ ഷിബു എന്നിവർ സംസാരിച്ചു.















