പറവൂർ> കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതലയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. 12 വർഷം രൂപതാ ബിഷപ്പായിരുന്ന ഡോ. ജോസഫ് കാരിക്കശേരി രാജിവച്ച ഒഴിവിലാണ് നിയമനം. പുതിയ ബിഷപ്പിന്റെ പ്രഖ്യാപനം വരുംവരെ ഡോ. അലക്സ് വടക്കുംതല അഡ്മിനിസ്ട്രേറ്ററുടെ ചുമതലയിൽ തുടരും. കോട്ടപ്പുറം രൂപതയുടെ രണ്ടാമത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററാണ് ഇദ്ദേഹം.
എറണാകുളം ജില്ലയിലെ പനങ്ങാടാണ് ജന്മദേശം. വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കേളന്തറയിൽനിന്ന് 1984ൽ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഉർബാനിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും കേരള സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടി. വരാപ്പുഴ അതിരൂപത വികാരി ജനറൽ, വൈസ് ചാൻസലർ, ഡൽഹിയിൽ സിബിസിഐ ഹെൽത്ത് കമീഷൻ സെക്രട്ടറി, റാഞ്ചിയിലുള്ള സിബിസിഐയുടെ കോൺസ്റ്റന്റ് ലിവെൻസ് മെഡിക്കൽ കോളേജിന്റെ സ്ഥാപക ഡയറക്ടർ, ആലുവ കാർമൽഗിരി സെമിനാരി പ്രൊഫസർ, കെഎൽസിഎ സംസ്ഥാന ഉപദേഷ്ടാവ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ സിബിസിഐ ലേബർ കമീഷന്റെയും കെആർഎൽസിബിസിയുടെ ഹെറിറ്റേജ് കമീഷന്റെയും ചെയർമാനാണ്.
കോട്ടപ്പുറം ബിഷപ്സ് ഹൗസിൽ നടന്ന സമ്മേളനത്തിൽ വത്തിക്കാനിൽനിന്നുള്ള ഉത്തരവ് ചാൻസലർ ഡോ. ബെന്നി വാഴക്കൂട്ടത്തിൽ വായിച്ചു. വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആർച്ച് ബിഷപ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, കെആർഎൽസിബിസി പ്രസിഡന്റ് ഡോ. വർഗീസ് ചക്കാലക്കൽ, ബിഷപ്പുമാരായ ഡോ. അലക്സ് വടക്കുംതല, ഡോ. ജോസഫ് കാരിക്കശേരി, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. ആന്റണി കുരിശിങ്കൽ, ഫൊറോന വികാരി ഫാ. ജോഷി കല്ലറക്കൽ, അസിസ്റ്റന്റ് പ്രൊക്യുറേറ്റർ ഫാ. ജോസ് ഒള്ളാട്ടുപുറം എന്നിവർ സംസാരിച്ചു.















