ന്യൂഡൽഹി > ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഘടകസാമഗ്രി നിർമാണമേഖലയിൽ നിക്ഷേപം ആകർഷിക്കാൻ കേന്ദ്രം 80,000 കോടി രൂപയുടെ ഫണ്ട് രൂപീകരിക്കണമെന്ന് മൂന്നാമത് ഇലക്ട്രോണിക്സ് സപ്ലൈ ചെയിൻ ഉച്ചകോടി നിർദേശിച്ചു. മൂലധന നിക്ഷേപ സബ്സിഡി നൽകാൻ 16,000 കോടി രൂപയും ഉൽപാദന അധിഷ്ഠിത ആനൂകൂല്യ വിതരണത്തിന് 64,000 കോടി രൂപയും വകയിരുത്തണം.
വൻതോതിൽ സഹായം കിട്ടാതെ ഘടകസാമഗ്രി നിർമാണ മേഖലയിൽ വളർച്ച നേടാൻ കഴിയില്ലെന്ന് ഉച്ചകോടിയിൽ ഇലക്ട്രോണിക് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ രാജു ഗോയൽ ചൂണ്ടിക്കാട്ടി. ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് അഗർവാൾ പറഞ്ഞു. ഇലക്ട്രോണിക്സ് നിർമാണ മേഖലയിൽ മൂല്യവർധിത ഉൽപാദനം ലക്ഷ്യമിട്ടുള്ള നയമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം ഗ്രൂപ്പ് കോ–-ഓർഡിനേറ്റർ എസ് കെ മർവാഹ പറഞ്ഞു.
സെമി കണ്ടക്ടർ മേഖലയെ പ്രോത്സാഹിപ്പിക്കാനും ബജറ്റ് സഹായം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നോയ്ഡയിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ വ്യവസായികളും സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരും അടക്കം 300ഓളം പേർ പങ്കെടുത്തു. പ്രദർശനം, വിപണനസംഗമം എന്നിവയും സംഘടിപ്പിച്ചു.















