പാലക്കാട്
മാലിന്യ സംസ്കരണത്തിലും പൊതു ശുചിത്വത്തിനും കേരളത്തിലെ ജനങ്ങൾ കൂടുതൽ ശ്രദ്ധ നൽകണമെന്ന് മന്ത്രി എം ബി രാജേഷ്. സർക്കാരിന്റെ രണ്ടാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചെർപ്പുളശേരി അയ്യപ്പൻകാവ് പരിസരത്തെ വഴിയിടം ടേക്ക് എ ബ്രേക്ക് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യക്തി ശുചിത്വവും വീടുകളിലെ ശുചിത്വവും ഉറപ്പുവരുത്തുന്ന മലയാളി പൊതുശുചിത്വം ഉറപ്പുവരുത്തുന്നില്ല. ഇത് മാറ്റിയേ തീരൂ. മാലിന്യനിർമാർജനം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. എല്ലാ വീട്ടിലും ജൈവമാലിന്യ സംസ്കരണത്തിന് സംവിധാനങ്ങൾ ഉണ്ടെന്ന് ത്രിതല പഞ്ചായത്തുകൾ ഉറപ്പുവരുത്തണം. ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നുണ്ടെന്നും അവർക്ക് മാസംതോറുമുള്ള ഫീസ് നൽകുന്നുണ്ടെന്നും ഉറപ്പുവരുത്തണം. പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപത്തിന് കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. 2024 മേയിൽ സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കും. മാലിന്യം നിക്ഷേപിക്കുന്നതിന് ആവശ്യമായ വേസ്റ്റ് ബിന്നുകൾ ഒരുക്കണം. ഇതിന് വ്യാപാരികളുടെ പിന്തുണ തേടാവുന്നതാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച വഴിയോര വിശ്രമകേന്ദ്രങ്ങൾ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃത്യമായി പരിപാലിക്കുന്നില്ല. ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കാണെന്നും മന്ത്രി പറഞ്ഞു. നഗരസഭാധ്യക്ഷൻ പി രാമചന്ദ്രൻ അധ്യക്ഷനായി. ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി, അസിസ്റ്റന്റ് എൻജിനിയർ വി ഹരികൃഷ്ണൻ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ ടി ബാലഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.