തിരുവനന്തപുരം
ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽനിന്ന് ഞായറാഴ്ച 22 മലയാളികൾകൂടി ജന്മനാട്ടിൽ തിരിച്ചെത്തി. ഡൽഹിയിൽനിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ 13 പേർ കൊച്ചിയിലും ഇൻഡിഗോ വിമാനത്തിൽ ഒമ്പതുപേർ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇതോടെ നാലുദിവസത്തിനുള്ളിൽ സുഡാനിൽനിന്ന് നാട്ടിലെത്തിയവരുടെ ആകെ എണ്ണം 80 ആയി. തിങ്കളാഴ്ച 180 പേർകൂടി കൊച്ചിയിലെത്തിയേക്കും.
ജിദ്ദയിൽനിന്ന് 180 യാത്രക്കാരുമായി സ്പൈസ് ജെറ്റിന്റെ ഒരു വിമാനം നേരിട്ട് ഞായർ രാവിലെ ആറോടെ കൊച്ചിയിലെത്തും. ബംഗളൂരുവിൽനിന്ന് 40 പേരും ഡൽഹിയിൽനിന്ന് 33 പേരും മുംബൈയിൽനിന്ന് ഏഴുപേരുമാണ് ഇതിനോടകം കേരളത്തിൽ എത്തിയത്. 23ഓളം പേർ ബംഗളൂരുവിൽ ക്വാറന്റൈനിലാണെന്നും വിവരമുണ്ട്. ഇവർ ചൊവ്വ, ബുധൻ ദിവസങ്ങളിലായി കേരളത്തിലെത്തിയേക്കും. വിമാനത്താവളങ്ങളിലെത്തിയ മലയാളികളെ നോർക്ക റൂട്ട്സ് പ്രതിനിധികൾ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.