ശാന്തൻപാറ
ശനിയാഴ്ച അരിക്കൊമ്പനെ ദൗത്യസംഘം പിടികൂടുന്ന സമയത്ത് തൊട്ടുമുകളിലെ മലമുകളില്‍ ചക്കക്കൊമ്പനുണ്ടായിരുന്നു. പക്ഷേ പെട്ടെന്ന് കാട്ടില്‍ മറഞ്ഞു. അക്രമങ്ങളുടെ കാര്യത്തില്‍ അരിക്കൊമ്പനെപ്പോലെ തന്നെയാണ് ചക്കക്കൊമ്പനും. ഏകദേശം 35–-45 വയസ് പ്രായം. അരിക്കൊമ്പനെപ്പോലെ റേഷൻകടയും വീടുമൊക്കെ തകര്‍ക്കാന്‍ മിടുക്കൻ. രണ്ടുപേരും തമ്മില്‍ ഏറ്റുമുട്ടലുകള്ക്കൊന്നും ഇതുവരെ ജനം സാക്ഷിയായിട്ടില്ല. പക്ഷേ ദൗത്യദിവസം രാവിലെ കൊമ്പുകോര്‍ത്തതായി പറയപ്പെടുന്നു. ചക്കക്കൊമ്പന് മദപ്പാട് ഉണ്ടായിരുന്നത്രേ. ദൗത്യം നടത്താനിരുന്ന വെള്ളിയാഴ്ച വനപാലകരും പ്രത്യേകസംഘവും മാധ്യമപ്രവര്‍ത്തകരും യൂക്കാലിത്തോട്ടത്തില്നിന്ന ചക്കക്കൊമ്പനെ കണ്ട് അരിക്കൊമ്പനാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. അന്ന് രാത്രി അരി, ചക്ക കൊമ്പന്മാര് ഒന്നിച്ചാണ് ആനയിറങ്കലില്‍ എത്തിയത്. പോകുംവഴി ശാന്തന്‍പാറ പൊലീസ് വാഹനം ഇരുകാട്ടാനകളുടെയും മുന്നില്‍പെട്ടു. അരിക്കൊമ്പൻ ജീപ്പിനുനേര്‍ക്ക് പാഞ്ഞടുത്തെങ്കിലും രക്ഷ
പെട്ടു.
ശേഷം അരിക്കൊമ്പൻ സിമന്റ് പാലവും സിങ്കുകണ്ടവും കടന്ന് പുലർച്ചെയോടെ സൂര്യനെല്ലി 91 കോളനി ഭാഗത്തെത്തി. ആനയിറങ്കൽ എസ്റ്റേറ്റ് ലയങ്ങൾക്കുസമീപം രാത്രിയിൽ നിലയുറപ്പിച്ച ചക്കക്കൊമ്പൻ കുടിവെള്ള പൈപ്പുകൾ ഉൾപ്പെടെ അടിച്ചുതകർത്തിരുന്നു. ചക്കക്കൊമ്പനും മുറിവാലനും നേരിട്ട് കണ്ടാൽ തമ്മിലടിക്കുന്ന ശത്രുക്കളാണ്. എന്നാൽ അരിക്കൊമ്പനൊപ്പം കൂടിയാൽ രണ്ടിലൊരാൾ കൂട്ടം വിടും.