കുമളി
ചിന്നക്കനാലിൽ ഭീതിപടർത്തിയ അരിക്കൊമ്പൻ ഇനി പെരിയാർ റിസർവിൽ ജീവിക്കും. പ്രത്യേക ദൗത്യസംഘം പിടികൂടിയ അരിക്കൊമ്പനെ ഞായർ പുലർച്ചെ അഞ്ചേകാലോടെ സീനിയർ ഓടയ്ക്ക് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിൽ തുറന്നുവിട്ടു. ശനി രാത്രി 10.30ഓടെയാണ് കുമളിയിലെത്തിയത്. ഇവിടെനിന്നും 18 കി.മീ. ദൂരെയാണ് സ്ഥലം. പെരിയാർ തടാകത്തിന്റെ തീരപ്രദേശം ആയതിനാൽ ഭക്ഷണത്തിനോ വെള്ളത്തിനോ അരിക്കൊമ്പന് ബുദ്ധിമുട്ടേണ്ടിവരില്ല. ഇവിടെനിന്ന് തമിഴ്നാട് അതിർത്തി വനമേഖലയായ മഹാരാജമേട്, ചുരുളി, ഇരവങ്കലാർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഏതാനും കിലോമീറ്റർ മാത്രമാണ് ദൂരം. ജിപിഎസ് കോളറിൽനിന്ന് ലഭിക്കുന്ന സിഗ്നലുകളിലൂടെ പെരിയാർ റിസർവ് ഡെപ്യൂട്ടി ഡയറക്ടറുടെയും വെറ്ററിനറി ഡോക്ടറുടെയും നേതൃത്വത്തിൽ ആനയെ നിരീക്ഷിക്കും. നിലവിൽ അരിക്കൊമ്പന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് റേഡിയോ കോളറിൽനിന്ന് ലഭിച്ച സിഗ്നൽ. തുറന്നുവിട്ട സ്ഥലത്തുനിന്ന് 1.5 കി.മീ. ഉൾവനത്തിലേക്ക് കൊമ്പൻ കയറിപ്പോയിട്ടുണ്ട്.
മയക്കുവെടിവച്ചത് അരിക്കൊമ്പന്റെ ആരോഗ്യത്തെ ബാധിക്കില്ലെന്ന് ദൗത്യസംഘം പറഞ്ഞു. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണെന്നും ചെറിയ പരിക്കുകൾ സാരമുള്ളതല്ലെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു.