തൃശൂർ
തീതുപ്പുന്ന മേടച്ചൂടിനും മുകളിൽ പൂരച്ചൂടുമായി ജനക്കൂട്ടം. തെക്കേമഠത്തിലെ ആലിലകളും വടക്കുന്നാഥ സന്നിധിയിലെ ഇലഞ്ഞിയും ചൂടിൽ ഉരുകിനിൽക്കുമ്പോഴും, വെയിലിനെ നിലാവുപോൽ ആസ്വദിച്ച് പൂരജനം. പൂരപ്പറമ്പിന്റെ മണ്ണിലും വിണ്ണിലും അഴകായ്, തണലായ് പൂരക്കുടകൾ വിരിഞ്ഞു. ആകാശത്ത് വർണങ്ങളുടെ കുടമാറ്റം. രണ്ട് അവധി ദിവസം അടുത്തടുത്ത് കിട്ടിയതോടെ മഹാജനക്കൂട്ടത്തിന്റെ പൊടിപൂരമായി.
കണിമംഗലം വിഭാഗത്തിന്റെ തിടമ്പേറ്റിയുള്ള എഴുന്നള്ളിപ്പാണ് പൂരനഗരിയിലേക്ക് ആദ്യമെത്തിയത്. പുറകെ ഏഴു ഘടകപൂരങ്ങൾ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി. രാവിലെ 11.35ന് മഠത്തിൽ വരവിന് തുടക്കം. കോലമേന്തി തിരുവമ്പാടി ചന്ദ്രശേഖരൻ എളുന്നള്ളി. തുടർന്ന് കോങ്ങാട് മധുവിന്റെയും സംഘത്തിന്റെയും മഠത്തിൽവരവ് പഞ്ചവാദ്യം. നായ്ക്കനാൽപ്പന്തലിൽ പഞ്ചവാദ്യം മേളത്തിന് വഴിമാറി. ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രാമാണ്യത്തിൽ പാണ്ടിമേളത്തോടെ 15 ആനകളുമായി ശ്രീമൂലസ്ഥാനത്തേക്ക്.
15 ആനകളോടെ പാറമേക്കാവിന്റെ എഴുന്നള്ളിപ്പിന് 12ന് തുടക്കം. ഗുരുവായൂർ നന്ദൻ തിടമ്പേറ്റി. കിഴക്കൂട്ട് അനിയൻ മാരാരാർ പാറമേക്കാവിനുവേണ്ടി പ്രമാണിയായി. മിനി കുടമാറ്റവും കഴിഞ്ഞ് ഇലഞ്ഞിത്തറയിലേക്ക്. വേനൽമഴ മാറിനിന്ന സന്ധ്യയിൽ ചരിത്രപ്രസിദ്ധമായ തെക്കോട്ടിറക്കം. പിന്നെ വർണക്കുടകളുടെ സൗന്ദര്യനൃത്തമായി കുടമാറ്റം. രാത്രിയിൽ പൂരങ്ങൾ ആവർത്തിച്ചു. പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാർ പ്രമാണിയായി.