ന്യൂഡൽഹി
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷംമാത്രം ശേഷിക്കെ, ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുകയാണ് രാജ്യത്തിനും ജനങ്ങൾക്കും മുമ്പാകെയുള്ള പ്രധാന ദൗത്യമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി. ഇതിനായി മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളുമായി സിപിഐ എം സഹകരിക്കുകയും യോജിച്ച് പ്രവർത്തിക്കുകയും ചെയ്യും. വർഗീയ ധ്രുവീകരണം, വിദ്വേഷപ്രചാരണം, അദാനി കുംഭകോണം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, ജാതി സെൻസസ്, ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണം തുടങ്ങിയ ദേശീയപ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതിൽ പരമാവധി ഐക്യം ഉറപ്പാക്കേണ്ടതുണ്ട്. പ്രതിപക്ഷ പാർടികൾ യോജിച്ച പ്രക്ഷോഭങ്ങൾക്ക് തയ്യാറാകണം. എല്ലാ സംസ്ഥാനങ്ങളിലും അവിടത്തെ മൂർത്ത സാഹചര്യത്തിന് അനുസൃതമായി ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കുന്നതിന് തന്ത്രങ്ങൾക്ക് രൂപം നൽകണം. തയ്യാറെടുപ്പുകൾ നിശ്ചയമായും സംസ്ഥാനാടിസ്ഥാനത്തിലാകണം.
രാജ്യവ്യാപകമായി യോജിച്ച പ്രക്ഷോഭങ്ങൾക്ക് തുടക്കമിടാൻ മറ്റ് ഇടതുപക്ഷ പാർടികളുമായി കൂടിയാലോചിക്കും. മറ്റ് മതനിരപേക്ഷ പ്രതിപക്ഷ പാർടികളുമായും കൂടിയാലോചന നടത്താനും- കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു.