തിരുവനന്തപുരം
പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിൽ രാജ്യത്തിന് മുഖ്യ കരുത്താകുന്നതും കെൽട്രോൺ. നാവികസേനയ്ക്കുവേണ്ടി മുങ്ങിക്കപ്പലിന്റെ കമ്യൂണിക്കേഷൻ ഉപകരണങ്ങൾ, പവർ യൂണിറ്റ്, കുഴിബോംബുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ കെൽട്രോൺ നിർമിക്കുന്നു. സി- ഡാക്കിന്റെയും എൻപിഒഎല്ലിന്റെയും സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവയുടെ നിർമാണം. തെറ്റായ സിഗ്നൽ നൽകി ശത്രുക്കപ്പലുകളെ വഴിതെറ്റിക്കുന്ന സംവിധാനം വികസിപ്പിക്കാൻ 46 കോടി രൂപയുടെ കരാറും ഇന്ത്യൻ നേവിയിൽനിന്ന് ലഭിച്ചിട്ടുണ്ട്.
ഐഎസ്ആർഒ, വിഎസ്എസ്സി തുടങ്ങിയവയുമായി സഹകരിച്ച് 30 വർഷത്തിലേറെയായി ഉപകരണങ്ങൾ നിർമിക്കുന്നു. കോസ്റ്റ് ഗാർഡ്, ഷിപ്യാർഡ്, ഭാരത് ഇലക്ട്രോണിക്സ്, മസഗോൺ ഡോക്ക് സ്ഥാപനങ്ങളുമായും കരാറുകളുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്തിലും കെൽട്രോണിന്റെ കൈയൊപ്പുണ്ട്. കക്രപുർ, കൈഗ, താരാപ്പുർ, കൂടംകുളം തുടങ്ങിയ ന്യൂക്ലിയർ പവർ സ്റ്റേഷനുകളിലും കെൽട്രോണിന്റെ ഇൻഡസ്ട്രിയൽ ഗ്രേഡ് യുപിഎസ് സിസ്റ്റമാണ് ഉള്ളത്. കേരളത്തിലെ വിവിധ ഡാം സൈറ്റുകളിലും മറ്റു സ്ഥാപനങ്ങളിലും കെൽട്രോൺ ഓൺ ഗ്രിഡ്, ഓഫ് ഗ്രിഡ് ടൈപ് സോളാർ പദ്ധതികൾ സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ കേരളത്തെ ഇലക്ട്രോണിക് ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്കിടെയാണ്, സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാൻ ഗൂഢപദ്ധതിയുമായി പ്രതിപക്ഷവും ചില വലതുമാധ്യമങ്ങളും വിവാദങ്ങളുണ്ടാക്കി കെൽട്രോണിനെ തകർക്കാൻ ശ്രമിക്കുന്നത്.
രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിനു കീഴിലുള്ള ഏറ്റവും വലിയ ഇലക്രോണിക്സ് സ്ഥാപനമായ കെൽട്രോണിന് കേരളത്തിൽ അഞ്ച് യൂണിറ്റും രണ്ട് ഉപകമ്പനിയും ജില്ലകളിൽ മുന്നൂറോളം നൈപുണ്യ വികസനകേന്ദ്രങ്ങളുമുണ്ട്. ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ മാർക്കറ്റിങ് ഓഫീസുകളുണ്ട്. 610 സ്ഥിരം ജീവനക്കാരും 700 കരാർ ജീവനക്കാരും 500 അപ്രന്റിസുകളും ഇവിടെ ജോലിക്കാരായുണ്ട്. കരകുളം കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സിനെ പവർ ഇലക്ട്രോണിക്സ് ഹബ്ബായി വികസിപ്പിക്കാനുള്ള 500 കോടിയുടെ പദ്ധതിയാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളത്.