ശാന്തൻപാറ
കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമം, ചിന്നക്കനാലിലെ കാട്ടാനകളുടെ ക്യാപ്റ്റനായി വിലസിയ അരിക്കൊമ്പൻ കീഴടങ്ങി. രണ്ടാംദിവസം 12 മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിലൂടെ, ആറ് തവണ മയക്കുവെടിവെച്ചശേഷം മുൻപിൻകാലുകൾ ബന്ധിച്ചാണ് ലോറിയിലെ കൂട്ടിലേക്ക് കുങ്കിയാനകൾ എത്തിച്ചത്. ശക്തമായി ചെറുത്തുനിന്ന അരിക്കൊമ്പനെ കനത്ത മഴയുൾപ്പെടെ പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടാണ് ദൗത്യസംഘവും കുങ്കിയാനകളും കീഴടക്കിയത്. ലോറിയിൽ കയറ്റിയശേഷം ദൗത്യസേനാംഗം ആനയുടെ മുകളിൽ കയറി സാഹസികമായി ജിപിഎസ് കോളറും ഘടിപ്പിച്ചു. അസമിൽ നിന്നെത്തിച്ച റേഡിയോ കോളർ വഴി ആനയുടെ യാത്രാവഴി കൃത്യമായി മനസ്സിലാക്കാനാകും. സാറ്റലൈറ്റ് വഴി ചലനങ്ങൾ നിരീക്ഷിക്കപ്പെടും. അരിക്കൊമ്പനെ പിടിക്കാൻ വനംവകുപ്പ് അനുമതി നൽകി 68 ദിവസത്തിനുശേഷമാണ് ദൗത്യം വിജയിച്ചത്.
പടക്കംപൊട്ടിച്ച് കുന്നിറക്കി
ശങ്കരപാണ്ഡ്യമെട്ടിൽ നിലയുറപ്പിച്ചിരുന്ന അരിക്കൊമ്പനെ ശനി രാവിലെ പടക്കം പൊട്ടിച്ചാണ് കുന്നിറക്കിയത്. പിന്നീട് ഏറ്റവും യോജ്യമായ ചിന്നക്കനാൽ സിമന്റ് പാലത്തിനും സിങ്കുകണ്ടത്തിനും മധ്യേ എത്തിച്ചു. സമീപത്ത് നിലയുറപ്പിച്ച ചക്കക്കൊമ്പനെ പടക്കം പൊട്ടിച്ച് മാറ്റി. നാല് കുങ്കിയാനകൾ, ജെസിബി, മറ്റ് ദൗത്യസംഘങ്ങൾ എന്നിവയും സജ്ജമാക്കിയിരുന്നു.
പകൽ 11.50 ഓടെയാണ് ആദ്യ മയക്കുവെടിവച്ചത്. 12 ന് ശേഷം ബൂസ്റ്റർ ഡോസ് ഉൾപ്പെടെ നാല് തവണയും മയക്ക് വെടി ഉതിർത്തു. ഇതോടെ ആന സമീപമുള്ള ചോലവനത്തിൽ പ്രവേശിച്ചു. മയക്കത്തിലായതോടെ കാലുകൾ ബന്ധിച്ചു. കറുത്ത തുണികൊണ്ട് മുഖം മൂടിയെങ്കിലും പറിച്ചുകളഞ്ഞു. കുങ്കിയാനകൾ ചുറ്റുംനിന്ന് അരിക്കൊമ്പനെ തട്ടിയും തള്ളിയും മുന്നോട്ട് നീക്കിയെങ്കിലും കുതറി മാറി. ആറാമത്തെ ഡോസ് കൂടി നൽകിയശേഷമാണ് വാഹനത്തിലേക്ക് തള്ളിക്കയറ്റിയത്. വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ, സിസിഎഫ് ആർ എസ് അരുൺ, മൂന്നാർ, കോട്ടയം ഡിഎഫ്ഒമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. ശനി രാവിലെ ഏഴിന് ആരംഭിച്ച ദൗത്യം അഞ്ചരയോടെയാണ് അവസാനിച്ചത്. കഴിഞ്ഞ ഫെബ്രുവരി 21ന് ആനയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചതെങ്കിലും കോടതി ഇടപെടൽ അതിന് വിലങ്ങുതടിയായി. കോടതി ഉത്തരവ് പൂർണമായി പാലിച്ചാണ് ഇപ്പോഴത്തെ നടപടി.
ഇനി സീനിയർ ഓടയിൽ
അരിക്കൊമ്പന് പെരിയാർ കടുവാ സങ്കേതത്തിനുള്ളിലെ വനമേഖലയിൽ സുരക്ഷിത കേന്ദ്രം ഒരുക്കി വനം വകുപ്പ്. കുമളിയിൽ നിന്നും ഉൾ വനപ്രദേശത്ത് 21 കിലോമീറ്റർ അകലെ സീനിയർ ഓടയിലാണ് കേന്ദ്രം ഒരുക്കിയത്. കുമളിയിൽനിന്നും മംഗളാദേവിയിലേക്കുള്ള വഴിയിൽ ഒമ്പത് കിലോമീറ്റർ അകലെ കരടി കവലയിൽ നിന്നാണ് സീനിയർ ഓടയിലേക്ക് പോകുന്നത്.