നേപ്പിൾസ്
ഇറ്റാലിയൻ ലീഗ് ഫുട്ബോൾ കിരീടമുയർത്താൻ നാപോളി ഇനിയും കാത്തിരിക്കണം. ആറ് മത്സരം ബാക്കിനിൽക്കെ ചാമ്പ്യൻമാരാകാനുള്ള അവസരം സാലെർനിറ്റാനയോട് സമനില വഴങ്ങിയതോടെ നഷ്ടമായി. ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു.
മാതിയാസ് ഒളിവേരയിലൂടെ 62–-ാംമിനിറ്റിൽ നാപോളിയാണ് മുന്നിലെത്തിയത്. കിരീടം സ്വപ്നംകണ്ട് പന്തുതട്ടിയ അവർക്ക് കളിയവസാനിക്കാൻ ആറ് മിനിറ്റ് ശേഷിക്കേ ബൗലായേ ദിയ കുറിച്ച ഗോൾ നിരാശ നൽകി. 33 വർഷത്തിനുശേഷം ചാമ്പ്യൻമാരാകാനുള്ള ഒരുക്കത്തിലാണ് നാപോളി. വ്യാഴാഴ്ച ഉഡിനീസിനെ തോൽപ്പിച്ചാൽ ഉറപ്പിക്കാം. ഇതിനുമുമ്പ് മറ്റ് ടീമുകളുടെ കളിയുണ്ട്. ആ ഫലങ്ങൾ അനുകൂലമായാൽ അടുത്ത കളിക്കിറങ്ങുംമുമ്പേ നാപോളി ജേതാക്കളാകും.
രണ്ടാമതുള്ള ലാസിയോ ഇന്റർ മിലാനോട് 1–-3ന് തോറ്റതോടെയാണ് നാപോളിക്ക് അവസരമുണ്ടായത്. സാലെർനിറ്റാനയെ മറികടന്നാൽ കിരീടം. മത്സരത്തിൽ ആധിപത്യം പുലർത്തിയതും ആദ്യം ലക്ഷ്യംകണ്ടതുമെല്ലാം ആകാശനീല കുപ്പായക്കാരായിരുന്നു. എന്നാൽ, ബൗലായോ ദിയയുടെ ഗോൾ കാത്തിരിപ്പ് സമ്മാനിച്ചു.