മാഡ്രിഡ്
സ്പാനിഷ് ഫുട്ബോൾ ലീഗിൽ റയൽ മാഡ്രിഡും ബാഴ്സലോണയും വിജയവഴിയിൽ. അവസാന കളിയിൽ ഇരുടീമുകളും തോറ്റിരുന്നു. റയൽ 4–-2ന് അൽമേറിയയെ മറികടന്നു. കരിം ബെൻസെമയുടെ ഹാട്രിക്കാണ് കരുത്തായത്. റോഡ്രിഗോ മറ്റൊന്ന് നേടി. ഈ മാസത്തെ മൂന്നാം ഹാട്രിക്കാണ് ബെൻസെമ കുറിച്ചത്. സ്പാനിഷ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ നാലാമതെത്തുകയും ചെയ്തു. 236 ഗോളാണ് മുപ്പത്തഞ്ചുകാരന്. ലയണൽ മെസി (474), ക്രിസ്റ്റ്യാനോ റൊണാൾഡോ (311), ടെൽമോ സാറ (252) എന്നിവരാണ് മുന്നിൽ.
പട്ടികയിൽ ഒന്നാമതുള്ള ബാഴ്സ നാല് ഗോളിന് റയൽ ബെറ്റിസിനെ മുക്കി. ആൻഡ്രിയാസ് ക്രിസ്റ്റ്യൻസെൻ, റോബർട്ട് ലെവൻഡോവ്സ്കി, റാഫീന്യ എന്നിവരുടെയും ഗുയ്ദോ റോഡ്രിഗസിന്റെ പിഴവുഗോളുമാണ് ബാഴ്സയ്ക്ക് തുണയായത്. ആറ് കളിമാത്രം ബാക്കിനിൽക്കേ ഒന്നാംസ്ഥാനത്ത് 79 പോയിന്റാണ്. രണ്ടാമതുള്ള റയലിന് 68. പതിനൊന്ന് പോയിന്റ് വ്യത്യാസം.