ലണ്ടൻ
എർലിങ് ഹാലണ്ട് ഗോളടി റെക്കോഡ് തുടരുന്നു. ഫുൾഹാമിനെതിരെ ലക്ഷ്യം കണ്ടതോടെ മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റക്കാരന് സീസണിലാകെ 50 ഗോളായി. 1931ൽ ആസ്റ്റൺ വില്ലയുടെ ടോം വാറിങ്ങിനുശേഷം ആദ്യമായാണ് ഇംഗ്ലീഷ് ക്ലബ്ബിൽനിന്ന് ഒരു താരം ഒറ്റ സീസണിൽ 50 ഗോൾ നേടുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 34 ഗോളുമായി ഹാലണ്ടിന്. അലൻ ഷിയററുടെയും ആൻഡി കോളിന്റെയും റെക്കോഡിന് ഒപ്പമെത്തി. ഒന്നുകൂടി നേടിയാൽ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ ലക്ഷ്യം കണ്ട കളിക്കാരനാകാം.
ഫുൾഹാമിനെതിരെ 2–-1ന് ജയിച്ച് സിറ്റി പട്ടികയിൽ ഒന്നാമതെത്തി. ഹാലണ്ടിനെ കൂടാതെ ജൂലിയൻ അൽവാരസും ഗോളടിച്ചു. 32 കളിയിൽ 76 പോയിന്റാണ്. രണ്ടാമതുള്ള അഴ്സണലിന് 33 കളിയിൽ 75. മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ ഒരു ഗോളിന് മറികടന്നു. ബ്രൂണോ ഫെർണാണ്ടസാണ് ലക്ഷ്യം കണ്ടത്. ന്യൂകാസിൽ യുണൈറ്റഡ് 3–-1ന് സതാംപ്ടണെയും തോൽപ്പിച്ചു.