നൗകാമ്പ്
ഇത്രയുംനാൾ ഒളിപ്പിച്ചുവച്ച കൗമാരവിസ്മയത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിച്ച് ബാഴ്സലോണ. പതിനഞ്ചുകാരൻ ലാമിൻ യാമൽ ബാഴ്സയ്ക്കായി കളിക്കുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ താരമായി. സ്പാനിഷ് ലീഗിൽ റയൽ ബെറ്റിസിനെതിരെ പകരക്കാരനായാണ് ഈ വിങ്ങർ കളത്തിലെത്തിയത്. 15 വർഷവും 290 ദിവസവുംമാത്രമാണ് യാമലിന്റെ പ്രായം.
ലയണൽ മെസിയെയും ആന്ദ്രെ ഇനിയേസ്റ്റയെയും സാവിയെയുമെല്ലാം കളി പഠിപ്പിച്ച ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിൽനിന്നാണ് യാമലിന്റെയും വരവ്. അത്ലറ്റികോ മാഡ്രിഡിനെതിരായ സംഘത്തിൽ ഉൾപ്പെട്ടെങ്കിലും കളത്തിലിറങ്ങാനായില്ല.
അഞ്ച് വയസ്സുമുതൽ ബാഴ്സയിലുണ്ട് യാമൽ. അച്ഛൻ മൊറോക്കൻ വംശജനാണ്. അമ്മ ഇക്വട്ടോറിയൽ ഗിനിയക്കാരിയും. 2007 ജൂലൈ 13നാണ് ജനനം. ബാഴ്സ പരിശീലകൻ സാവിയാണ് അത്ഭുത പ്രതിഭയെ സീനിയർ ടീമിൽ ഉൾപ്പെടുത്തിയത്. ‘ഈ ക്ലബ്ബിന്റെ നാളെയുടെ ചരിത്രമെഴുതാൻ പ്രാപ്തിയുള്ള താരം’ എന്നാണ് സാവി യാമലിനെ വിശേഷിപ്പിച്ചത്. സ്പെയ്ൻ ജൂനിയർ ടീമിനായി അരങ്ങേറി കഴിഞ്ഞു. മത്സരത്തിൽ റയൽ ബെറ്റിസിനായി നാൽപ്പത്തൊന്നുകാരൻ യോക്വിനും കളിച്ചു. ലീഗിലെ ഏറ്റവും പ്രായംകൂടിയ താരമാണ് ഈ വിങ്ങർ.