കോഴിക്കോട്> പ്രധാനമന്ത്രി കേരളത്തിൽ നടത്തിയ രാഷ്ട്രീയ പ്രസംഗം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെ ബോധപൂർവം ഇകഴ്ത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഒഞ്ചിയം രക്തസാക്ഷിത്വ വാരാചരണത്തിന്റെ ഭാഗമായുള്ള ബഹുജന റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്ത് ഔദ്യോഗിക പരിപാടിയിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി എറണാകുളത്ത് രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. അതിന് യാഥാർഥ്യവുമായോ വസ്തുതയുമായോ ഒരു ബന്ധവുമില്ല. കേരളം പല കാര്യങ്ങളിലും പിന്നിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഏത് കാര്യത്തിലാണ് അതെന്ന് വ്യക്തമാക്കണം.
സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കേരളത്തിന്റെ ജനസംഖ്യയുടെ 0.7 ശതമാനമാണ്. അത് നിസ്സാരമായി കാണാനല്ല സർക്കാർ ശ്രമിച്ചത്. അവരെക്കൂടി കൈപിടിച്ചുയർത്താനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ഇതിന് സമാന നടപടി സ്വീകരിച്ച മറ്റേത് സംസ്ഥാനമാണ് രാജ്യത്തുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. യുവാക്കൾക്ക് തൊഴിൽ നൽകാൻ പദ്ധതിയില്ലെന്നാണ് മറ്റൊരാക്ഷേപം. കഴിഞ്ഞ ഏഴുവർഷത്തിനിടെ ഏഴ് ലക്ഷം പേർക്കാണ് പിഎസ്സി വഴി നിയമനം നൽകിയത്. 30,000 പുതിയ തസ്തിക സൃഷ്ടിച്ചു . പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനത്തിന് പ്രത്യേക ബോർഡ് രൂപീകരിച്ചു. 2021ൽ മാത്രം പിഎസ്സി വഴി 26,724 പേർക്ക് നിയമനംനൽകി.
പാർടി താൽപ്പര്യത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നാണ് മറ്റൊരാക്ഷേപം. മൂന്നര ലക്ഷം പേർക്കാണ് ലൈഫിൽ വീട് നിർമിച്ചുനൽകിയത്. 2,31,000 പേർക്ക് പട്ടയം നൽകി. 63ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നൽകുന്നു. 43 ലക്ഷം കുടുംബങ്ങൾ ആരോഗ്യരക്ഷാ പദ്ധതിക്ക് കീഴിലുണ്ട്. നാടിന്റെ താൽപ്പര്യത്തിനാണ് സർക്കാർ മുൻതൂക്കം നൽകിയതെന്ന് ജനങ്ങൾക്കറിയാം.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 12 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇത് അഞ്ച് ശതമാനമായി. യുവാക്കൾക്ക് ഒരു കോടി തൊഴിലവസരങ്ങൾ നൽകുമെന്നുപറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി ഉള്ള തൊഴിലവസരങ്ങൾപോലും ഇല്ലാതാക്കി. കേന്ദ്ര, പൊതുമേഖലാ സ്ഥാപനങ്ങളിലായി 10 ലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കയാണ്. പ്രധാനമന്ത്രിയുടെ പരിധിയിലുള്ള ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ പോലും നിയമനം നടത്തിയിട്ടില്ല. റെയിൽവേയിൽ മൂന്നുലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. സൈന്യത്തിലേക്കുള്ള നിയമനംപോലും കരാർ അടിസ്ഥാനത്തിലാക്കി. കേന്ദ്ര സർവീസിൽ ലാസ്റ്റ് ഗ്രേഡ് നിയമനംതന്നെ ഇല്ലാതാക്കി. കേരളത്തെ കുറ്റം പറയുമ്പോൾ സ്വന്തം സമീപനം ഓർക്കുന്നത് നല്ലതാണെന്നും പിണറായി പറഞ്ഞു.