തൃശൂർ> ചുറ്റും ആർപ്പോ വിളി, ജനസാഗരം മതിമറന്നാടുന്നു. മാരിവിൽ വർണക്കുടകൾ മാറി മാറി വിരിയുന്നത് അവസാന ലാപ്പിലോടടുത്തപ്പോൾ ചുറ്റും മുഴങ്ങി… മെസി… മെസി….. കുടമാറ്റത്തിന്റെ അവസാന മിനിറ്റിൽ ഗോളടിക്കാനെത്തിയത് ലോകകപ്പും പിടിച്ചെത്തിയ മെസി. 77–-ാം മിനിറ്റിൽ കുടകൾ മടക്കിയ പാറമേക്കാവിന് മുന്നിൽ 84–-ാം മിനിറ്റിൽ തിരുവമ്പാടി രചിച്ചത് മെസിഗാഥ. ലോകകിരീടം നേടിയ മെസിക്കുള്ള സമർപ്പണവും തൃശൂർപൂരത്തിന് മലയാളികൾക്കുള്ള ആശംസയും നിറഞ്ഞതായിരുന്നു മെസി കുട.
കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിനും ശ്രീമൂലസ്ഥാനത്തെ മേളത്തിനുംശേഷം ഇരുവിഭാഗം തെക്കോട്ടിറങ്ങുമ്പോൾ തെക്കേ ഗോപുരനട ജനസാഗരമായിരുന്നു. പാറമേക്കാവിന്റെ തിടമ്പേറ്റിയ ഗുരുവായൂർ നന്ദനും 14 ഗജവീരന്മാരും തെക്കേഗോപുരം വഴി ഇറങ്ങിയതോടെ ജനം ആരവമുയർത്തി. തെക്കോട്ടിറങ്ങി കോർപറേഷൻ ഓഫീസിനു മുന്നിലെ രാജാവിന്റെ പ്രതിമയെ വലംവച്ച് സ്വരാജ് റൗണ്ടിൽ നിന്ന് വടക്കോട്ട് അഭിമുഖമായി നിരന്നു. തിരുവമ്പാടി വിഭാഗം ശ്രീമൂല സ്ഥാനത്തെ മേളത്തിന് ശേഷം തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരനും 14 കൊമ്പന്മാരും വടക്കുന്നാഥനെ വഴങ്ങി തെക്കേഗോപുരം വഴി പുറത്തേക്കിറങ്ങി നിലയുറപ്പിച്ചു.
തിരുവമ്പാടി വിഭാഗം ഹനുമാൻ ഉയർത്തിയപ്പോൾ പാറമേക്കാവ് തിറരൂപം ഉയർത്തി മറുപടി. നടരാജശിൽപം, തെയ്യം, തിറ ഉൾപ്പെടെയുള്ള സ്പെഷ്യൽ കുടകൾ, എൽഇഡി കുടകൾ, രണ്ടും മൂന്നും വീതമുള്ള നിലക്കുടകൾ തുടങ്ങി വ്യത്യസ്തവും പുതുമയുള്ളതുമായ കുടകൾ ഇരുവിഭാഗവും അവതരിപ്പിച്ചു. തിരുവമ്പാടി വിഭാഗം 55 കുടകൾ വീതവും പാറമേക്കാവ് വിഭാഗം 48 കുടകൾ വീതവും ഉയർത്തി. നിരന്നുനിന്ന ഗജവീരന്മാരുടെ മുകളിൽ സമസ്തവർണങ്ങളും നിറഞ്ഞാടിയപ്പോൾ ജനലക്ഷങ്ങൾക്ക് ആവേശം വാനോളമായി. അസഹനീയ ചൂടിൽ ഇടയ്ക്ക് വന്ന തണുത്തകാറ്റും കുളിരണിയിച്ചു. വൈകിട്ട് ആറിന് ആരംഭിച്ച് ഒന്നരമണിക്കൂർ നീണ്ട കുടമാറ്റം, രാത്രി ചാരുത പകർന്ന് 7.24നാണ് സമാപിച്ചത്.