തൃശൂർ> പതിറ്റാണ്ടുകളായി സംപ്രേഷണം ചെയ്തിരുന്ന തൃശൂർ പൂരം ലൈവ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് പരിപാടിയുടെ മറവിൽ പ്രസാർഭാരതി ഒഴിവാക്കി. ദൂരദർശനും ആകാശവാണിയും ഉൾപ്പെടെയുള്ള മാധ്യമങ്ങളിലാണ് ലൈവ് സംപ്രേഷണം ഒഴിവാക്കിയത്. മറ്റു ചാനലുകളിൽ ലൈവുണ്ടായിരുന്നതിനാൽ ജനങ്ങൾക്ക് കാണാനായി. എന്നാൽ ലോകോത്തര പൂരം ലൈവ് സംപ്രേഷണം ഒഴിവാക്കിയ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കി.
സ്വകാര്യ ചാനലുകളുടെ കടന്നുവരവിന് മുന്നേ തൃശൂർ പൂരവിശേഷങ്ങൾ ലോകത്തെ അറിയിച്ചിരുന്ന ദൂരദർശനാണ് ലൈവ് സംപ്രേഷണം ഒഴിവാക്കിയത്. ആകാശവാണിയിലെ കേൾവിയിലൂടെ മാത്രം മഠത്തിൽ വരവ് ആസ്വദിച്ചിരുന്നവരും നിരാശരായി. ലോക സിംഫണി എന്നറിയപ്പെടുന്ന മഠത്തിൽവരവ് പഞ്ചവാദ്യം ഗ്രാമാന്തരങ്ങളിൽ കേട്ടിരുന്നത് ആകാശവാണിയിലൂടെയാണ്. സ്വകാര്യ ചാനലുകളുടെ കുത്തൊഴുക്കിനിടയിലും പഞ്ചവാദ്യത്തിന്റെ തനിമ ചോരാതെയും പരസ്യങ്ങളുടെ വിരസതയില്ലാതെയും സംപ്രേഷണം ചെയ്തിരുന്നത് ദൂരദർശനും ആകാശവാണിയുമായിരുന്നു. അതാണ് മൻ കി ബാത്ത് വാർഷികത്തിന്റെ പേരിൽ ഇല്ലാതാക്കിയത്.
ലഘുവിവരണത്തോടെ രസകരമായി കുടമാറ്റം സംപ്രേഷണം ചെയ്തിരുന്നതും ദൂരദർശനും ആകാശവാണിയുമായിരുന്നു. മൻ കി ബാത്തിന്റെ 100-ാം വാർഷികം രാജ്യത്തെ എല്ലാ രാജ്ഭവനുകളിലും ഞായറാഴ്ചയാണ് നടത്തിയത്. അതുമായി ബന്ധപ്പെട്ടാണ് ഈ ഒഴിവാക്കൽ. ലോകത്തിലെ ഏറ്റവും മികച്ച ഓർക്കസ്ട്രയായ ഇലഞ്ഞിത്തറമേളവും ഒഴിവാക്കി. ലൈവ് ഇല്ലെങ്കിലും പൂരം പിന്നീട് റിപ്പോർട്ട് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.