തിരുവനന്തപുരം
സംസ്ഥാനത്ത് റേഷൻ വിതരണം സാധാരണനിലയിൽ. ഇ–- പോസ് മെഷീന്റെ തകരാർ പരിഹരിച്ച് രണ്ടു ദിവസത്തിനുശേഷമാണ് ശനിയാഴ്ച റേഷൻകടകൾ തുറന്നത്. ഒരുകടയിലും റേഷൻ വിതരണം മുടങ്ങിയില്ലെന്ന് ഭക്ഷ്യവകുപ്പും റേഷൻ വ്യാപാരികളുടെ വിവിധ സംഘടനാ ഭാരവാഹികളും പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇനി റേഷൻകട പ്രവർത്തിക്കുക. റേഷൻ ക്രമീകരണം ബുധനാഴ്ചവരെ തുടരും.
എട്ടുമുതൽ പകൽ ഒന്നുവരെ മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും പകൽ രണ്ടുമുതൽ ഏഴുവരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലുമായാണ് റേഷൻ വിതരണം ക്രമീകരിച്ചത്. മെയ് അഞ്ചുവരെ ഏപ്രിലിലെ റേഷൻ വിതരണം ഉണ്ടാകും. ആറുമുതൽ മേയിലെ റേഷൻ വിതരണം ആരംഭിക്കും.