ന്യൂഡൽഹി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴു ഗുസ്തിതാരങ്ങളെ ലൈംഗിഗാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിചേർത്ത് മണിക്കൂറുകൾക്കകം ബിജെപിയും എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ യുപിയിൽ പൂക്കൾ വിതറി സ്വീകരിച്ചു. പിന്നാലെ, പൊലീസ് കാവലിൽ താരങ്ങൾക്കെതിരെ പത്രസമ്മേളനവും നടത്തി.
ഗോണ്ടയിലാണ് ബിജെപിക്കാർ ക്രിമിനൽ കേസ് പ്രതിക്ക് സ്വീകരണമൊരുക്കിയത്. രാജിവയ്ക്കില്ലന്ന് വ്യക്തമാക്കിയ ബ്രിജ് ഭൂഷൺ ആരോപണങ്ങൾ വീണ്ടും നിഷേധിച്ചു. താരങ്ങൾ സമരം നിർത്തിയാൽ രാജിവയ്ക്കാം. വിനേഷ് ഫോഗട്ടല്ല എംപിയാക്കിയത്. താരങ്ങൾ എന്തുകൊണ്ടാണ് ഇത്രയുംകാലം പരാതി നൽകാത്തതെന്നും ബിജെപി നേതാവ് പരിഹാസരൂപേണ ചോദിച്ചു. ജീവനൊടുക്കുമെന്ന സ്ഥിരം പല്ലവിയും ബിജെപി എംപി ആവർത്തിച്ചു. ശനി രാവിലെ സമരം ചെയ്യുന്ന താരങ്ങളെ സന്ദർശിച്ച പ്രിയങ്ക ഗാന്ധിയെയും അപഹസിച്ചു.
അറസ്റ്റ് ഭയന്ന് യുപിയിൽ
ഡൽഹിയിൽനിന്ന് വെള്ളി രാത്രിയാണ് ബ്രിജ് ഭൂഷൺ യുപിയിലെ ഗോണ്ടയിലുള്ള വസതിയിൽ എത്തിയത്. അറസ്റ്റ് ഭയന്നാണ് “സുരക്ഷിതമായ’ യുപിയിലേക്ക് കളംമാറ്റിയത്. യുപിയിൽ മാത്രം 38 ക്രിമിനൽ കേസുള്ള ബിജെപി എംപിക്ക് ഇതുവരെ ഒരു നടപടിയും നേരിടേണ്ടി വന്നിട്ടില്ല.