ന്യൂഡല്‍ഹി> കര്‍ഷകസമരത്തിന് സഹായം ചെയ്തു എന്ന ആര്‍എസ്എസ് പരാതിയുടെ പേരില്‍ നാഷണല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ലോയീസിന്റെയും (എന്‍എഫ്പിഇ) ക്ലാസ് ത്രീ യൂണിയന്റെയും അംഗീകാരം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഏകാധിപത്യപരമായ തീരുമാനം ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.
കര്‍ഷക സമരത്തിനായി സാമ്പത്തിക സഹായം നല്കി എന്നാരോപിച്ചാണ് എന്‍ എഫ് പി ഇയ്ക്കെതിരെ നടപടിയെടുത്തത്.ഓള് ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന് ഗ്രൂപ് ‘സി’ വഴി പണം നല്‍കിയെന്നാണ് ആരോപണം. ധന സഹായം നല്‍കിയത് സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കിയത്. സര്‍വീസ് അസോസിയേഷനുകള്‍ രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്കോ രാഷ്ട്രീയ പാര്ടികള്ക്കോ സാമ്പത്തിക സഹായം നല്കാന് പാടില്ലെന്നു കാട്ടി 1993 സിസിഎസ് (ആര് എസ് എ) റൂള്‍ പ്രകാരമാണ് നടപടി.
സാമ്പത്തിക സഹായം കൊടുത്തതിനെ സംബന്ധിച്ച് വിശദീകരണം നല്കാന് എന്എഫ്പിഇയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കിയെങ്കിലും അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഓള് ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്റെയും നാഷണല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ലോയീസിന്റെയും അംഗീകാരം റദ്ദാക്കുകയാണെന്ന് അറിയിച്ച സര്‍ക്കാര്‍ വിശദവും വിശ്വസനീയവുമായ വിശദീകരണം വീണ്ടും നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.