കോട്ടയം> എംജി സർവകലാശാലാ സെനറ്റിലേക്കും സ്റ്റുഡന്റ്സ് കൗൺസിലിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മുഴുവൻ സീറ്റിലും വിജയിച്ചു. രണ്ടിലുമായി ആകെയുള്ള മുപ്പത് സീറ്റുകളിൽ ഏഴെണ്ണത്തിൽ എസ്എഫ്ഐ നേരത്തേ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 23 സീറ്റുകളിലേക്കാണ്(സെനറ്റ് 11, സ്റ്റുഡന്റ്സ് കൗൺസിലിൽ 12) തെരഞ്ഞെടുപ്പ് നടന്നത്.
ജനറൽ വിഭാഗത്തിൽനിന്ന് ബി സൈനുലാബ്ദിൻ, എം അർജുൻ, ആശിഷ് എസ് ആനന്ദ്, അജിൻ തോമസ്, റോജിൻ റോജോ എന്നിവരും വിദ്യാർഥിനി പ്രതിനിധികളായി ആയിഷ മിന്നു സലിം, അപ്സര ആന്റണി, ഫ്രീഡമോൾ തോമസ്, കെ ആർ പവിത്ര, പൂജ ബൈജു എന്നിവരും റിസർച്ച് വിഭാഗത്തിൽനിന്ന് അശ്വിൻ രാജൻ വർഗീസ്, പ്രൊഫഷണൽ വിഭാഗത്തിൽനിന്ന് ടി ആർ മൊഹമ്മദ് സഹൽ, സംവരണ വിഭാഗത്തിൽനിന്ന് അർജുൻ എസ് അച്ചു, സുധാകരൻ എന്നിവരും പിജി പ്രതിനിധിയായി ശരത് പ്രസാദും ജയിച്ചു. കെഎസ്യു മത്സരിച്ചെങ്കിലും വോട്ടൊന്നും കിട്ടിയില്ല.
ഉജ്വല വിജയം നേടിയ എല്ലാവരെയും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി ആഷിക്ക്, സെക്രട്ടറി മെൽബിൻ ജോസഫ് എന്നിവർ അഭിവാദ്യം ചെയ്തു.