ന്യൂഡൽഹി> ശിരോമണി അകാലി ദൾ മുതിർന്ന നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ (95) അന്തരിച്ചു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു.
94-ാം വയസ്സിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു. 1970ലാണ് ആദ്യമായി മുഖ്യമന്ത്രി ആകുന്നത്. 1977ൽ മൊറാർജി മന്ത്രിസഭയിൽ കൃഷിവകുപ്പ് മന്ത്രിയായിരുന്നു. 2015ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചെങ്കിലും 2020ൽ കർഷകസമരത്തിന് പിന്തുണ നൽകി പുരസ്കാരം തിരികെ നൽകി. ശിരോമണി അകാലി ദൾ പ്രസിഡന്റ് സുഖ്വീർ സിങ് ബാദൽ മകനാണ്.