ന്യൂഡൽഹി> ഒളിംപിക് മെഡൽ ജേതാക്കൾ അടക്കമുള്ള ഗുസ്തി താരങ്ങൾ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിഐടിയു, അഖിലേന്ത്യ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ, എസ്എഫ്ഐ, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിള അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഏപ്രിൽ 27ന് രാജ്യവ്യാപക പ്രക്ഷോഭം നടത്തും.
കുറ്റക്കാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ’ എന്ന് പറയുന്ന ബിജെപി സർക്കാർ ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്തുവെന്ന ആരോപണം നേരിടുന്ന എംപിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ പോരാടുന്ന കായിക താരങ്ങൾക്ക് സംഘടനകൾ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.
ഡൽഹി ജന്തറിൽ പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സഖാവ് ബൃന്ദ കാരാട്ട് സന്ദർശിച്ചു. ജനവാദി മഹിളാ സമിതി നേതാക്കളായ ആശാ ശർമ്മ, മൈമൂന മൊല്ല, രാജീവ് കുൻവർ എന്നിവരോടൊപ്പമാണ് ബൃന്ദ കാരാട്ട് ഗുസ്തി താരങ്ങളെ സന്ദർശിച്ചത്.