മനാമ> ഷാര്‍ജ ഖോര്‍ ഫക്കാനില്‍ ബോട്ടപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു. നീലേശ്വരം അനന്തംപള്ള വാഴവളപ്പില്‍ അഭിലാഷാ(38) ണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ ആറു വയസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. കുട്ടി ഗുരുതരാവസ്ഥയിലാണ്.
ശനിയാഴ്ച പെരുന്നാള്‍ അവധിക്ക് ഉല്ലാസ യാത്രയ്ക്കായി പോയവര്‍ കയറിയ ബോട്ടാണ് മറിഞ്ഞത്. 18 പേര് ബോട്ടിലുണ്ടായിരുന്നു. അഭിലാഷ് ജോലിചെയ്തിരുന്ന ഷാര്‍ജയിലെ സ്ഥാപനത്തില്‍നിന്നും എട്ടുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കരയില്‍നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ബോട്ട് മറിയുകയായിരുന്നുവെന്ന് ദുരന്തത്തില്‍നിന്നും രക്ഷപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷൗക്കത്ത് പറഞ്ഞു. അഭിലാഷ് ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ഡ്രൈവര്‍ ആണ് ഷൗക്കത്ത്. അപകടത്തില്‍ അഭിലാഷ് മറിഞ്ഞ ബോട്ടിന്റെ അടിയില്പെടുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍.
ഷാര്‍ജയിലെ ചോക്കലേറ്റ് വ്യാപാര കേന്ദ്രത്തില്‍ ഹെല്പറായിരുന്നു അഭിലാഷ്. പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനായി നാട്ടില്‍ പോകാനിരിക്കെയാണ് ദുരന്തം.
കര്‍ഷകത്തൊഴിലാളികളായ മീത്തലെവീട് വിജയന്റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: അശ്വതി. മകള്‍: അഭയ. സഹോദരന്: അജീഷ് (ബഹ്റൈന്‍). മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള ശ്രമം നടക്കുന്നു.