കൊച്ചി
ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ അരങ്ങേറാൻ കൊച്ചിയിൽനിന്നുള്ള ലോർഡ്സ് ഫുട്ബോൾ അക്കാദമി ഒരുങ്ങി. മുംബൈയിൽ പത്തുദിവസത്തെ ക്യാമ്പിനുശേഷം ടീം ചാമ്പ്യൻഷിപ് നടക്കുന്ന അഹമ്മദാബാദിലെത്തി. ഇത്തവണ കേരള വനിതാലീഗിൽ ചാമ്പ്യൻമാരായാണ് ലോർഡ്സ് യോഗ്യത നേടിയത്.
രണ്ട് വിദേശതാരങ്ങളാണ് 28 അംഗ ടീമിലുള്ളത്. ഫിലിപ്പൈൻസ് ദേശീയതാരം കമില്ല റോഡ്രിഗസാണ് പ്രധാനതാരം. നേപ്പാൾ ടീമിലെ അനിത ബസന്താണ് മറ്റൊരു വിദേശി. ഈസ്റ്റ് ബംഗാൾ ക്യാപ്റ്റനായിരുന്ന സുനിത സർക്കാർ, മുൻ ദേശീയതാരങ്ങളായ അനിത, ഭാഗ്യശ്രീ, തയിലാന്റ് ദേവി എന്നിവരുണ്ട്. കേരളത്തിൽനിന്ന് മൂന്നുപേരുണ്ട്. ദേശീയ ചാമ്പ്യൻഷിപ് കളിച്ച പി രേഷ്മ, യദുപ്രിയ, തീർത്ഥ ലക്ഷ്മി എന്നിവരാണ്.
മുംബൈ സ്വദേശിയും ആദ്യ യുവേഫ ലൈസൻസ് ഇന്ത്യൻ കോച്ചുമായ നിർവൻ ഷായാണ് മുഖ്യപരിശീലകൻ. സഹപരിശീലകരായി എറണാകുളം സ്വദേശി ജോർജ് ജോസഫ്, തിരുവനന്തപുരം സ്വദേശി സി അഭിലാഷ്, ഗോൾകീപ്പിങ് പരിശീലകനായി ഡൽഹി സ്വദേശി അഭിഷേക് എന്നിവരുണ്ട്. ലോർഡ്സ് ബി ഗ്രൂപ്പിലാണ്. 27ന് സെൽറ്റിക് ക്യൂൻസ് എഫ്സിയുമായാണ് ആദ്യ മത്സരം. സേതു എഫ്സി, ഒഡിഷ എഫ്സി, കിക്ക്സ്റ്റാർട്ട് എഫ്സി, സിആർപിഎഫ്, ചർച്ചിൽ ബ്രദേഴ്സ്, ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻ ടീമുകളും ഒപ്പമുണ്ട്. കേരള വനിതാ ലീഗിലെ മികച്ച വിജയം ഇന്ത്യൻ വനിതാ ലീഗിലും ആവർത്തിക്കുമെന്ന് ക്ലബ്ബ് സെക്രട്ടറി ഡെറിക്ക് ഡിക്കോത് പറഞ്ഞു.















