ബംഗളൂരു
കർണാടകത്തിലെ നഗരമണ്ഡലമായ കെ ആർ പുരയിൽ ജനാധിപത്യമെന്നാൽ കാശെറിഞ്ഞു കളിയാണ്. സിറ്റിങ് എംഎൽഎ ബി എ ബസവരാജു, ബിജെപി കോടികൾ കൊടുത്തു വാങ്ങിയ കോൺഗ്രസ് എംഎൽഎമാരിൽ ഒരാളാണ്. എന്നാൽ, കോടികളുടെ കിലുക്കത്തിനും തകർക്കാനാകാത്ത വരവേൽപ്പാണ് സിപിഐ എം സ്ഥാനാർഥി എം നഞ്ചെ ഗൗഡയ്ക്ക് ലഭിക്കുന്നത്. നാരായൺപുരയിലെ ചേരിപ്രദേശത്തെ കോളനികളിലുൾപ്പെടെ വോട്ടർമാരെ കാണാൻ സ്ഥാനാർഥിയും സംഘവും ചുവന്ന കൊടികെട്ടിയ ഓട്ടോറിക്ഷയിലാണ് എത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 6500 വോട്ട് നേടിയ ജെഡിഎസിന്റെ പിന്തുണ ഇത്തവണ സിപിഐ എം പ്രവർത്തകരിൽ ആവേശം കൂട്ടിയിട്ടുണ്ട്.

ബംഗളൂരു കെ ആര് പുരം നാരായണപുരിയില് സിപിഐ എം സ്ഥാനാര്ഥി എം നഞ്ചെ ഗൗഡ വോട്ടഭ്യര്ഥിക്കുന്നു
സിപിഐ എം സംസ്ഥാന സെക്രട്ടറി എസ് സൂര്യനാരായണ റാവു 1985ൽ വിജയിച്ച മണ്ഡലംകൂടിയാണിത്. അന്ന് വരത്തൂർ ആയിരുന്ന മണ്ഡലം 2008ൽ മഹാദേവ പുര, കെ ആർ പുരം, സി വി രാമൻ നഗർ എന്നിങ്ങനെ വിഭജിക്കപ്പെട്ടു. ഇരുമ്പു ഫാക്ടറികളുടെ ആസ്ഥാനമായിരുന്ന കെ ആർ പുരം ഇപ്പോൾ ബംഗളൂരു നോർത്ത് ജില്ലയിലാണ്. ഇപ്പോൾ ഐടി അധിഷ്ഠിത മേഖലയായി. ബാംഗ്ലൂർ ഈസ്റ്റ് ഇൻഡസ്ട്രിയൽ വർക്കേഴ്സ് യൂണിയനിലെ പ്രവർത്തകരാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതെന്ന് വൈപ്പിൻ സ്വദേശിയായ സി കുഞ്ഞപ്പൻ പറഞ്ഞു. ആസൂത്രണത്തിന് ചുക്കാൻ പിടിക്കാൻ സിപിഐ എം ബംഗളൂരു നോർത്ത് ജില്ലാ സെക്രട്ടറി പ്രതാപ് സിംഹയുമുണ്ട്.
നഗരത്തിലെവിടെയും മുഖ്യപാർടികളുടെ പ്രചാരണ കോലാഹലങ്ങളില്ല. ഡി കെ മോഹനനാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. ജയിച്ചു വന്നാൽ ബിജെപിയും കോൺഗ്രസും ഏതു പാളയത്തിലുണ്ടാകുമെന്നുപോലും പറയാനാകില്ല എന്നതിനാൽ തികഞ്ഞ നിസ്സംഗതയാണ് വോട്ടർമാർക്ക്.
അപ്പോഴും കോളാമ്പി കെട്ടിയ ഓട്ടോറിക്ഷയിൽനിന്ന് കന്നഡയിൽ അനൗൺസ്മെന്റ് ഉയരുന്നു. “ജയിച്ചാൽ തൊഴിലാളികളുടെ, നിസ്വരുടെ അവകാശപ്പോരാട്ടത്തിനായി നഞ്ചെ ഗൗഡയുണ്ടാകും. ആ ഉറപ്പിനാണ് ഞങ്ങൾ വോട്ടുതേടുന്നത്…’.















