ന്യൂഡൽഹി
പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ നീക്കം ശക്തിപ്പെടുത്തി ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ കൂടുതൽ നേതാക്കളെ കണ്ടു. തിങ്കളാഴ്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരെ കണ്ട നിതീഷ് പ്രതിക്ഷപ ഐക്യം ശക്തിപ്പെടുത്താൻ പിന്തുണ ഉറപ്പാക്കി. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.
കൊൽക്കത്തയിൽ എത്തിയാണ് നീതീഷ് മമതയെ കണ്ട് ചർച്ച നടത്തിയത്. ബിജെപിയെ പൂജ്യത്തിലേക്ക് ഒതുക്കണമെന്നും അതിനായി പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകണമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മമത പറഞ്ഞു. ലഖ്നൗവിലെ സമാജ്വാദി പാർടി ആസ്ഥാനത്തെത്തിയാണ് അഖിലേഷുമായി കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങൾ ഇല്ലാതാക്കാനാണ് ബിജെപി തുടർച്ചയായി ശ്രമിക്കുന്നതെന്ന് അഖിലേഷ് പ്രതികരിച്ചു. ബിജെപി സർക്കാരിനെ പുറത്താക്കി രാജ്യത്തെ രക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു. പദവിയോടും അധികാരത്തോടും തനിക്ക് ഭ്രമമില്ലന്ന് നിതീഷും വ്യക്തമാക്കി.
2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് നിതീഷ് കുമാർ ശ്രമിക്കുന്നത്. സിപിഐ എം അടക്കമുള്ള ഇടത് പാർട്ടികളുടെ പിന്തുണയുമുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തി നീതീഷ് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചർച്ച നടത്തിയിരുന്നു.















