പത്തനംതിട്ട
മൂന്നുവർഷംകൊണ്ട് കേരളം അതിദാരിദ്ര്യ മുക്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് മികച്ച ജീവിതനിലവാരം ഉറപ്പാക്കാൻ മൈക്രോ പ്ലാനിങ് നടപ്പാക്കും. അതിദാരിദ്ര്യ നിർമാർജന സർവേ പൂർത്തീകരണം, മൈക്രോ പ്ലാനിങ് രൂപീകരണം, ‘അവകാശം അതിവേഗം’ പദ്ധതി എന്നിവയുടെ സംസ്ഥാന പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യ ഇന്ഷുറന്സ് കാര്ഡ് വിതരണോദ്ഘാടനവും നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി 2,553 കുടുംബങ്ങള്ക്ക് റേഷന് കാര്ഡും 3,125 പേര്ക്ക് ആധാര് കാര്ഡും 3,174 പേര്ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല് കാര്ഡും ലഭ്യമാക്കി. 887 പേര്ക്ക് സാമൂഹ്യസുരക്ഷാ പെന്ഷന് അനുവദിച്ചു. 1,281 പേര്ക്ക് ആരോഗ്യ ഇന്ഷുറന്സ് കാര്ഡും 777 പേര്ക്ക് ബാങ്ക് അക്കൗണ്ടും 1,174 പേര്ക്ക് തൊഴിലുറപ്പ് തൊഴില് കാര്ഡും ലഭ്യമാക്കി.
198 പേര്ക്ക് പാചകവാതക കണക്ഷനും 118 കുടുംബങ്ങളിൽ വൈദ്യുതിയുമെത്തിച്ചു. 45 പേര്ക്ക് ഉടമസ്ഥാവകാശ സര്ട്ടിഫിക്കറ്റും 193 പേര്ക്ക് ഭിന്നശേഷി കാർഡും നല്കി. മൂന്നു പേര്ക്ക് ട്രാന്സ്ജന്ഡര് തിരിച്ചറിയല് കാര്ഡ് നല്കി. 391 പേരെ കുടുംബശ്രീയുടെ ഭാഗമാക്കി. 11,340 കുടുംബങ്ങളെ ലൈഫ് പട്ടികയിൽ ഉൾപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. റേഷന്കാര്ഡ് വിതരണം മന്ത്രി ജി ആര് അനിലും ആരോഗ്യ ഉപകരണ വിതരണം മന്ത്രി വീണാജോര്ജും ഉപജീവന ഉപാധി വിതരണം ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാറും നടത്തി.

അതിദാരിദ്ര്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായുള്ള റേഷൻ കാർഡ് ഏറ്റുവാങ്ങിയ സന്തോഷത്തോടെ സദസ്സിൽ നിൽക്കുന്ന വള്ളിക്കോട് കോട്ടയം ഉന്നത്തുമൂട്ടിൽ രതി ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ















