ന്യൂഡൽഹി> ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം. ഏഴ് വനിതാ താരങ്ങൾ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫൊഗാട്ട് ഉൾപ്പടെയുള്ള താരങ്ങൾ പ്രതിഷേധത്തിൽ പങ്കാളികളായി.
കായിക മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്നും അന്വേഷണം വേഗം പൂർത്തിയാക്കണമെന്നും സാക്ഷി മാലിക്കും വിനയ് ഫോഗട്ടുമടക്കമുള്ള താരങ്ങൾ ആവശ്യപ്പെട്ടു. തങ്ങൾ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രായപൂർത്തി ആകാത്ത ഒരാൾ അടക്കമാണ് ലൈംഗിക പീഡന പരാതി നൽകിയത്. തങ്ങൾ വ്യാജപരാതിയാണ് ഉന്നയിച്ചത് എന്ന് ഇപ്പോൾ പലരും ആരോപിക്കുന്നു. നീതി ലഭിക്കും വരെ ജന്തർമന്തറിൽ സമരം തുടരും. ഗുസ്തിയെ രക്ഷിക്കാനാണ് തങ്ങളുടെ പ്രതിഷേധം. കായിക മന്ത്രാലയത്തെ അറിയിച്ചിരുന്നു എങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. കായിക മന്ത്രാലയത്തിന്റെ മേൽ നോട്ട സമിതി റിപ്പോർട്ട് പുറത്ത് വിടണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു.