തിരുവനന്തപുരം> എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി സെമിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 24 തിങ്കളാഴ്ച്ച ഉച്ചക്ക് മൂന്നു മണിക്ക് എകെജി ഹാളില്‍ നടക്കുന്ന പരിപാടി സിപിഐ എം പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മാസ്റ്റര്‍ അധ്യക്ഷനാകും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, സുനില്‍ പി ഇളയിടം, ഡോ. കെ എം ഷീബ, കെഎന്‍ ഗണേഷ്, വി കാര്ത്തികേയന് നായര്‍, ടി.എം.തോമസ് ഐസക്, എന്നിവര്‍ സംസാരിക്കും.
മലയാളിയുടെ സാമൂഹ്യ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമാണ് ഒരു നൂറ്റാണ്ടു മുമ്പ് നടന്ന വൈക്കം സത്യാഗ്രഹ സമരം. പൊതുനിരത്തുകള്‍ ഉപയോഗിക്കുവാനോ വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുവാനോ ഭൂരിപക്ഷം ജനങ്ങള്‍ക്കും അവകാശം ഇല്ലാതിരുന്ന ഒരു ഭൂതകാലം നമുക്ക് ഉണ്ടായിരുന്നു. ഇന്ന് നാം അനുഭവിക്കുന്ന പൗരാവകാശങ്ങള്‍ നീണ്ട കാലത്തെ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തതാണെന്ന സത്യം വൈക്കം സത്യാഗ്രഹ ശതാബ്ദി ഓര്‍മിപ്പിക്കുന്നു.