തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നതിനാൽ കെയർ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. ഒരാൾക്ക് കോവിഡ് ബാധിച്ചാൽ എല്ലാവരെയും പരിശോധിക്കണമെന്നും കോവിഡ് സ്ഥിതി വിലയിരുത്താൻ ചേർന്ന ആരോഗ്യവകുപ്പിന്റെയും കലക്ടർമാരുടെയും യോഗത്തിൽ മന്ത്രി പറഞ്ഞു. ചില സ്വകാര്യ ആശുപത്രികൾ ചികിത്സയിലുള്ളവർക്ക് കോവിഡ് ബാധിക്കുമ്പോൾ സർക്കാർ ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്നതായി പരാതിയുണ്ട്. കലക്ടർമാർ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ച് ഈ വിഷയത്തിൽ നിർദേശം നൽകണമെന്നും മന്ത്രി അറിയിച്ചു. ജില്ലകളിൽ സർജ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും പൂർണ സജ്ജമാണെന്നും കലക്ടർമാർ അറിയിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകൾ പരിശോധനകൾ കാര്യക്ഷമമാക്കി. പരിശോധനകൾ കൂട്ടും. പ്രമേഹം, രക്തസമ്മർദം തുടങ്ങി മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ മാസ്ക് ധരിക്കണം. കിടപ്പ് രോഗികൾ വീട്ടിലുള്ളവർ പുറത്തുപോയി വരുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ പ്രവർത്തകർ എൻ 95 മാസ്ക് ധരിക്കണം. ആശുപത്രിയിലും മാസ്ക് ധരിക്കണം.
2484 രോഗികൾ
ബുധനാഴ്ച 2484 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൂടുതൽ രോഗികൾ. ആകെ രോഗികളിൽ 0.9 ശതമാനത്തിനുമാത്രമാണ് ഓക്സിജൻ കിടക്കകളും ഒരു ശതമാനത്തിനുമാത്രമാണ് ഐസിയു കിടക്കകളും വേണ്ടിവന്നത്.